| Thursday, 30th June 2022, 6:54 pm

വിരാടില്‍ നിന്നും സെഞ്ച്വറി മാത്രമല്ല പ്രതീക്ഷിക്കുന്നത്, സെഞ്ച്വറിയല്ല ഒരു കളിക്കാരനെ അളക്കുന്നത്; കോഹ്‌ലിയെ പിന്തുണച്ച് രാഹുല്‍ ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി താരത്തിന്റെ ഫോമിന്റെ നിഴല്‍ പോലുമില്ലായിരുന്നു.

കഴിഞ്ഞ ഐ.പി.എല്ലിലും ശരാശരിക്കും താഴെ നില്‍ക്കുന്ന പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഇതിന് പിന്നാലെയുള്ള ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ വിരാടിന് റെസ്റ്റ് അനുവധിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ടീമില്‍ തിരിച്ചുവരാനൊരുങ്ങുകയാണ് താരം.

തന്റെ യഥാര്‍ത്ഥ ഫോമില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്ററും ഇപ്പോഴത്തെ ഹെഡ് കോച്ചുമായ രാഹുല്‍ ദ്രാവിഡ്. ടീമില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്പിറേഷനുള്ള താരമാണ് കോഹ്‌ലി എന്നാണ് ദ്രാവിഡിന്റെ അഭിപ്രായം.

ഇത്രയും അര്‍പ്പണബോധവും കഠിനാധ്വാനവുമുള്ള ഒരാളെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ദ്രാവിഡ് പറഞ്ഞു. ആളുകള്‍ സെഞ്ച്വറികളെ നേട്ടങ്ങളായി കാണുന്നു, എന്നാല്‍ മാച്ച് വിന്നിങ് സംഭാവനയാണ് യഥാര്‍ത്ഥത്തില്‍ പ്രധാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അവന്‍ 30 വയസ് കഴിഞ്ഞതില്‍ പിന്നെ ഫോമൗട്ടാണെന്ന് നിങ്ങള്‍ പറഞ്ഞാന്‍ ഞാന്‍ വിയോജിക്കും. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കഠിനാധ്വാനിയായ ആളാണ് വിരാട്. പരിശീലന മത്സരത്തില്‍ അദ്ദേഹം കളിച്ച രീതി ശരിയായ ബോക്‌സുകളെയെല്ലാം ടിക്ക് ചെയ്യുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട് കോഹ്ലി ഒരു മോശം ഘട്ടത്തിലൂടെ കടന്നുപോകുകയാണ്,’ ദ്രാവിഡ് പറഞ്ഞു.

വിരാടിന് ഒരു പ്രത്യേക മോട്ടിവേഷന്റെ ആവശ്യമില്ലെന്നും ഇത് ക്രിക്കറ്റിന്റെ ഒരു ഭാഗമാണെന്നും ദ്രാവിഡ് പറഞ്ഞു. സെഞ്ച്വറി നേടുന്നതില്‍ ഫോക്കസ് ചെയ്യുന്നതല്ല അതിന് ഉത്തരമെന്നും അതിന് പുറമെ മികച്ച ഇന്നിങ്‌സുകള്‍ കളിക്കുന്നതാണെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

‘അവന് പ്രത്യേക പ്രചോദനം ആവശ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. ക്രിക്കറ്റില്‍ നിങ്ങള്‍ അത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകുന്നത് സ്വാഭാവികമാണ്. അതിന് പരിഹാരമായി സെഞ്ച്വറിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയല്ല. ആളുകള്‍ സെഞ്ച്വറി വിജയമായി കാണുന്നു, പക്ഷേ ഞങ്ങള്‍ക്ക് അദ്ദേഹത്തില്‍ നിന്ന് മാച്ച് വിന്നിങ് സംഭാവനകള്‍ വേണം. ഡ്രസിങ് റൂമില്‍ അദ്ദേഹം ഒരുപാട് പേര്‍ക്ക് പ്രചോദനം നല്‍കുന്നു,”ദ്രാവിഡ് പറഞ്ഞു.

കഴിഞ്ഞ തവണ ഇംഗ്ലണ്ട് പര്യടനത്തില്‍ കോഹ്‌ലി ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്നുവെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര ഇന്ത്യ തോറ്റതിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് അദ്ദേഹം പടിയിറങ്ങിയിരുന്നു. ക്യാപ്റ്റന്‍സിയുടെ യാതൊരു ഭാരവുമില്ലാതെ, ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന പരമ്പരയില്‍ തന്റെ ടീമിനായി ധാരാളം റണ്‍സ് സ്‌കോര്‍ ചെയ്യാനും അന്താരാഷ്ട്ര രംഗത്ത് തന്റെ ദീര്‍ഘകാല സെഞ്ച്വറി വരള്‍ച്ച അവസാനിപ്പിക്കാനും വിരാട് ശ്രമിക്കും.

Content Highlights: Rahul Dravid Praises Virat Kohli and supports him

We use cookies to give you the best possible experience. Learn more