| Monday, 25th December 2023, 8:35 am

അവനെ പോലെ ഒരാള്‍ വിക്കറ്റ് കീപ്പറായി ഉള്ളത് വളരെ നല്ലതാണ്; ഐ.പി.എല്‍ സൂപ്പര്‍ ക്യാപ്റ്റനെ കുറിച്ച് ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ താരം കെ.എല്‍. രാഹുലിനെ പുകഴ്ത്തി രാഹുല്‍ ദ്രാവിഡ്. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പരയില്‍ ഇഷാന്‍ കിഷന്റെ അഭാവത്തില്‍ കെ.എല്‍. രാഹുലാകും വിക്കറ്റിന് പിന്നിലുണ്ടാവുകയെന്നും രാഹുല്‍ വളരെ മികച്ച താരമാണെന്നും ദ്രാവിഡ് പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാല്‍ ഇഷാന്‍ കിഷന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. കിഷന് പകരക്കാരനായി യുവതാരം കെ.എസ്. ഭരത്തിനെയാണ് അപെക്‌സ് ബോര്‍ഡ് ഉള്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ ഈ പരമ്പരയില്‍ രാഹുലാകും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള ആദ്യ പരിഗണനയെന്നും ദ്രാവിഡ് പറഞ്ഞു.

‘ഇഷാന്‍ കിഷന്‍ ഇല്ലാതിരിക്കുമ്പോള്‍ നമുക്ക് തെരഞ്ഞെടുക്കാനായി പല വിക്കറ്റ് കീപ്പിങ് ഓപ്ഷനുകളും ഉണ്ട്. വിക്കറ്റ് കീപ്പറാകുന്നതില്‍ കെ.എല്‍. രാഹുല്‍ ഏറെ ആത്മവിശ്വാസം പുലര്‍ത്തിയിരുന്നു.

വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന കെ.എല്‍. രാഹുലിനെ പോലെ ഒരാള്‍ കൂടെയുണ്ടാവുക എന്നത് എല്ലായ്‌പ്പോഴും വളരെ നല്ലതാണ്,’ ദ്രാവിഡ് പറഞ്ഞു.

ഡിസംബര്‍ 26നാണ് ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുന്നത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ കളിക്കുക.

ഇന്ത്യയെ സംബന്ധിച്ച് ഈ പരമ്പര ഏറെ നിര്‍ണായകമാണ്. സൗത്ത് ആഫ്രിക്കക്കെതിരെ സൗത്ത് ആഫ്രിക്കയില്‍ ഒരു പരമ്പര പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന ചീത്തപ്പേര് മാറ്റിയെടുക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

എട്ട് പരമ്പരകളാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയിലെത്തി കളിച്ചത്. ഇതില്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യക്ക് തോല്‍ക്കാതെ രക്ഷപ്പെടാന്‍ സാധിച്ചത്. 2010-2011ല്‍ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് 1-1 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചത്.

1992-1993ലാണ് ഇന്ത്യ ആദ്യമായി സൗത്ത് ആഫ്രിക്കയിലെത്തി ടെസ്റ്റ് പരമ്പര കളിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര 1-0 എന്ന നിലയില്‍ ആതിഥേയര്‍ സ്വന്തമാക്കുകയായിരുന്നു. ശേഷം ഏഴ് തവണ കൂടി ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തിയെങ്കിലും വിജയം മാത്രം അകന്നുനിന്നു.

ഇന്ത്യ – സൗത്ത് ആഫ്രിക്കക്കും ഇടയില്‍ ഇതുവരെ 15 പരമ്പരകളാണ് നടന്നത്. ഏഴ് പരമ്പരകള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചപ്പോള്‍ എട്ട് പരമ്പരകളാണ് സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ നടന്നത്.

ഈ 15 പരമ്പരകളില്‍ എട്ടെണ്ണത്തിലും സൗത്ത് ആഫ്രിക്ക വിജയിച്ചപ്പോള്‍ നാല് പരമ്പരകളിലാണ് ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചത്. മൂന്ന് മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു.

ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), പ്രസിദ്ധ് കൃഷ്ണ.

Content Highlight: Rahul Dravid praises KL Rahul

We use cookies to give you the best possible experience. Learn more