'മാച്ച് വിന്നിങ് മാസ്റ്റര്‍ സ്‌ട്രോക്ക്'; രോഹിത്തിനെ പ്രശംസിച്ച് രാഹുല്‍ ദ്രാവിഡ്
Sports News
'മാച്ച് വിന്നിങ് മാസ്റ്റര്‍ സ്‌ട്രോക്ക്'; രോഹിത്തിനെ പ്രശംസിച്ച് രാഹുല്‍ ദ്രാവിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th January 2024, 3:29 pm

അഫ്ഗാനിസ്ഥാനെതിരെ ബെംഗളൂരുവില്‍ നടന്ന അവസാന ടി ട്വന്റിയില്‍ ഇന്ത്യ നാടകീയമായ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്ത്യ നേടിയ 212 റണ്‍സിന് മുകളില്‍ സമനില പിടിച്ച അഫ്ഗാനിസ്ഥാന്‍ ആദ്യ സൂപ്പര്‍ ഓവറിലും 16 റണ്‍സ് സമനില പിടിക്കുകയായിരുന്നു. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 11 റണ്‍സില്‍ രണ്ട് വിക്കറ്റും നഷ്ടമാകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനിസ്ഥാന് ഒരു റണ്‍സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. രവി ബിഷ്‌ണോയിയുടെ മികച്ച ഓവറിലാണ് ഇന്ത്യക്ക് വിജയം സ്വന്തമാക്കാന്‍ സാധിച്ചത്.

മത്സരത്തില്‍ ബാറ്റിങ് തെരഞ്ഞെടുത്തപ്പോള്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്ന ഇന്ത്യയെ ഓപ്പണര്‍ രോഹിത് ശര്‍മ തന്റെ സെഞ്ച്വറി മികവിലാണ് കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത്. 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് ഇന്ത്യ നേടിയത്. രോഹിത് 69 പന്തില്‍ 121 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഇന്ത്യന്‍ നായകന് പുറമേ റിങ്കു സിങ് 39 പന്തില്‍ 69 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനും 212 നേടി മത്സരം സമനിലയാവുകയായിരുന്നു. അഫ്ഗാന്‍ ബാറ്റിങ്ങില്‍ ഗുല്‍ബാദിന്‍ നായിബ് 55 റണ്‍സും റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍ എന്നിവര്‍ 50 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ അഫ്ഗാന്‍ മത്സരം സമനിലയില്‍ പിടിക്കുകയായിരുന്നു.

രണ്ടാം സൂപ്പര്‍ ഓവറില്‍ രോഹിത്തിന് ഒരു പേസ് ബൗളറെ തെരഞ്ഞെടുക്കാമായിരുന്നു. പക്ഷേ അദ്ദേഹം പന്ത് രവി ബിഷ്‌ണോയിക്ക് കൈമാറി. പേസ് ബൗളറെക്കാള്‍ വിക്കറ്റ് വീഴ്ത്താന്‍ സ്പിന്‍ ബൗളിങ്ങിന് കഴിയുമെന്ന് രോഹിത് മുന്‍കൂട്ടി കണ്ടിരുന്നു. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് രോഹിത്തിനെ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും പ്രശംസിച്ച രംഗത്ത് വന്നിരുന്നു.

‘വിക്കറ്റ് വീഴ്ത്താന്‍ സ്പിന്നര്‍ക്ക് കൂടുതല്‍ അവസരമുണ്ടെന്ന് തോന്നിയതിനാല്‍ രോഹിത് ധൈര്യത്തോടെ പോയി. രണ്ടാം സൂപ്പര്‍ ഓവറില്‍ പന്ത് മിഡില്‍ ചെയ്യാന്‍ അവരുടെ ബാറ്ററിന് കഴിഞ്ഞിരുന്നെങ്കില്‍ 12 റണ്‍സ് പിന്തുടരുന്നത് അഫ്ഗാനിസ്ഥാന് എളുപ്പമായേനെ. മത്സരം ജയിക്കണമെങ്കില്‍ എതിര്‍ ടീമിന്റെ വിക്കറ്റുകള്‍ വീഴ്‌ത്തേണ്ടത് അനിവാര്യമായിരുന്നു,’രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

 

 

Content Highlight: Rahul Dravid praised Rohit Sharma