| Sunday, 11th August 2024, 9:13 am

ലോകകപ്പ് തോല്‍വിയല്ല, ഇന്ത്യന്‍ കോച്ച് എന്ന നിലയില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ നിമിഷത്തെ കുറിച്ച് ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

2021 ടി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് പിന്നാലെയാണ് രവി ശാസ്ത്രിക്ക് പകരക്കാരനായി ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പ്രധാന പരിശീലകനായി ചുമതലയേറ്റത്. ഇന്ത്യന്‍ ക്രിക്കറ്റ് നിരവധി പ്രതിസന്ധികള്‍ നേരിടുന്ന കാലം കൂടിയായിരുന്നു അത്.

എന്നാല്‍ ആ പ്രതിസന്ധികളില്‍ ടീമിന് താങ്ങായി നിന്ന ദ്രാവിഡ് ഇന്ത്യയെ 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്തിക്കുകയും 2024 ടി-20 ലോകകപ്പ് കിരീടം ചൂടിക്കുകയും ചെയ്തിരുന്നു.

ടീമിനൊപ്പം നിരവധി മികച്ച നിമിഷങ്ങളുണ്ടായിട്ടുണ്ടെങ്കിലും നിരാശപ്പെടുത്തിയ മുഹൂര്‍ത്തങ്ങളും കോച്ചിങ് കരിയര്‍ ദ്രാവിഡിന് സമ്മാനിച്ചിട്ടുണ്ട്. അത്തരത്തില്‍ കോച്ച് എന്ന നിലയില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ പരാജയത്തെ കുറിച്ച് സംസാരിക്കുകയാണ് ദ്രാവിഡ്.

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതാണ് കോച്ചിങ് കരിയറിലെ ഏറ്റവും നിരാശപ്പെടുത്തിയ നിമിഷമെന്നാണ് ദ്രാവിഡ് പറയുന്നത്. പരമ്പരയിലെ ആദ്യ മത്സരം വിജയിച്ചെങ്കിലും അടുത്ത രണ്ട് കളിയും തോറ്റ് ഇന്ത്യ പരമ്പര അടിയറവ് വെച്ചു.

സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് ഇനിയും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു പരമ്പര ജയിക്കാന്‍ സാധിച്ചിട്ടില്ല. ഇത് ഒരു സുവര്‍ണാവസരമായിരുന്നെന്നും എന്നാല്‍ അതിന് സാധിക്കാതെ പോയെന്നും ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ ദ്രാവിഡ് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ പരിശീലകനായിരിക്കവെ ഏറ്റവും നിരാശപ്പെടുത്തിയത് എന്താണെന്ന് ചോദിച്ചാല്‍ ദക്ഷിണാഫ്രിക്കക്ക് എതിരെ നടന്ന ടെസ്റ്റ് പരമ്പര നേടാന്‍ സാധിക്കാത്തതാണെന്ന് ഞാന്‍ പറയും.

സെഞ്ചൂറിയനില്‍ നടന്ന ആദ്യ മത്സരത്തില്‍ ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തേയും മൂന്നാമത്തേയും മത്സരം പരാജയപ്പെടുകയും പരമ്പര കൈവിടുകയും ചെയ്തു.

‘സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. അതുകൊണ്ടുതന്നെ ഒരു സുവര്‍ണ്ണാവസരമായിരുന്നു ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്.

ചില സീനിയര്‍ താരങ്ങള്‍ അന്ന് ടീമിലില്ലായിരുന്നു. രോഹിത് ശര്‍മക്ക് പരിക്കായിരുന്നു. ചില പ്രധാന സീനിയര്‍ താരങ്ങളും അന്നത്തെ പരമ്പരയില്‍ ഉണ്ടായിരുന്നില്ല. ജയിക്കാവുന്ന സാഹചര്യത്തില്‍ നിന്നാണ് ഇന്ത്യ അന്ന് പിറകോട്ട് പോയത്. ഇന്ത്യയുടെ പരിശീലകനെന്ന നിലയില്‍ ഇപ്പോഴും നിരാശപ്പെടുത്തുന്നത് ഇതാണ്’ ദ്രാവിഡ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുക എന്ന അദ്ദേഹത്തിന്റെ സ്വപ്നം സഫലമായില്ല. വീണ്ടും മറ്റൊരു ഡബ്ല്യൂ.ടി.സി ഫൈനലില്‍ കൂടി ഇന്ത്യയുടെ കണ്ണുനീര്‍ വീഴുകയായിരുന്നു. അതേവര്‍ഷം നടന്ന ഏകദിന ലോകകപ്പും പരാജയപ്പെട്ടെങ്കിലും 2024ലെ ടി-20 ലോകകപ്പ് നേടിക്കൊടുക്കാന്‍ ദ്രാവിഡിന് സാധിച്ചിരുന്നു.

Content Highlight: Rahul Dravid on the most disappointing incident in his coaching career

We use cookies to give you the best possible experience. Learn more