2024 ടി-20 ലോകകപ്പില്‍ ഇന്ത്യ കിരീടം സ്വന്തമാക്കി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ലോകകപ്പില്‍ വിജയക്കുതിപ്പ് നടത്തിയത്. ശേഷം ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയിരുന്നു. എന്നാല്‍ ദ്രാവിഡ് പുതിയ റോളിനെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.
ഇപ്പോള്‍ ക്രിക് ബസിന്റെ റിപ്പോര്‍ട്ട് പ്രകാരം ദ്രാവിഡ് ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഡയറക്ടറും പരിശീലകനും ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയാണ്. 2025 ഐ.പി.എല്ലിനോടനുബന്ധിച്ച് ടീം അടിമുടി മാറാന്‍ സാധ്യതയുണ്ട്. ഇതോടെ പുതിയ മാറ്റങ്ങള്‍ക്ക് ഫ്രാഞ്ചൈസി തയ്യാറെടുക്കാനും സാധ്യതയുണ്ട്.
ഇപ്പോള്‍ ഫ്രാഞ്ചൈസിയുടെ പരിശീലന സ്ഥാനത്തേക്കുള്ള പരിഗണയില്‍ ദ്രാവിഡും സങ്കക്കാരയുമുണ്ട്. ഇതിനേക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നിലവിലെ പരിശീലകനായ സങ്കക്കാര.
‘റിപ്പോര്‍ട്ടില്‍ എന്റെ പേര് ഉണ്ടെന്ന് എനിക്കറിയാം, പക്ഷേ ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല. ഇത് ആവേശകരമായ ഒരു പ്രതീക്ഷയാണ്. പക്ഷേ ധാരാളം നല്ല പരിശീലകര്‍ അവിടെയുണ്ട്. ഈ നിമിഷം ഞാന്‍ സന്തോഷവാനാണ്. രാജസ്ഥാന്‍ റോയല്‍സുമായുള്ള എന്റെ ബന്ധം തൃപ്തികരമാണ്, ഞാന്‍ എന്റെ ജോലി ആസ്വദിക്കുന്നുണ്ട്,’കുമാര്‍ സംഗക്കാര പറഞ്ഞു.
Content Highlight: Rahul Dravid Likely To Joining Rajastan Raoyals In IPL