| Monday, 26th December 2022, 9:18 am

വലിയൊരു നാണക്കേടില്‍ നിന്നും രക്ഷിച്ചതിന്റെ നന്ദിയാകും ദ്രാവിഡ് അവരുടെ ചെവിയില്‍ പറഞ്ഞിട്ടുണ്ടാവുക

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ തങ്ങളുടെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം മത്സരവും വിജയിച്ചത്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരവും ജയിച്ചാണ് ഇന്ത്യ പരമ്പര ക്ലീന്‍ സ്വീപ് ചെയ്തത്.

ആദ്യ ടെസ്റ്റില്‍ ആധികാരികമായി വിജയം പിടിച്ചടക്കിയ ഇന്ത്യക്ക് രണ്ടാം ടെസ്റ്റില്‍ ആ ഡോമിനേഷന്‍ തുടരാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് താരതമ്യേന ചെറിയ വിജയലക്ഷ്യമായിട്ടുകൂടിയും ടെസ്റ്റ് വമ്പന്‍മാര്‍ ബംഗ്ലാ കടുവകള്‍ക്ക് മുമ്പില്‍ മുട്ടുവിറച്ച് നിന്നു.

അവസാന ഇന്നിങ്‌സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 145 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് എല്ലാം പിഴക്കുകയായിരുന്നു. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ വീണ്ടും പരാജയമായപ്പോള്‍ കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഗില്ലും പൂജാരയും പെട്ടെന്ന് തന്നെ വീണു.

കളിക്കളത്തിലെ അഗ്രഷന്‍ ബാറ്റിങ്ങില്‍ പുറത്തെടുക്കാന്‍ സാധിക്കാതെ വന്ന മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും സമ്പൂര്‍ണ പരാജയമായപ്പോള്‍ എക്‌സ് ഫാക്ടര്‍ പന്തിനും സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സാധിച്ചില്ല.

മിഡില്‍ ഓര്‍ഡറില്‍ അല്‍പമെങ്കിലും ചെറുത്തുനിന്നതും ഇന്ത്യന്‍ നിരയില്‍ ആദ്യമായി ഇരട്ടയക്കം കണ്ടതും അക്‌സര്‍ പട്ടേലായിരുന്നു. 69 പന്തില്‍ നിന്നും 34 റണ്‍സാണ് പട്ടേല്‍ സ്വന്തമാക്കിയത്. 12 വര്‍ഷത്തിന് ശേഷം റെഡ് ബോള്‍ ഫോര്‍മാറ്റിലേക്ക് വിളിയെത്തിയ ജയദേവ് ഉനദ്കട്ടാണ് ഇന്ത്യന്‍ നിരയില്‍ വീണ്ടും രണ്ടക്കം കണ്ടത്.

ഒരുവേള പരാജയവും പരമ്പര സമനിലയിലാവുന്നതും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ കുതിപ്പിന്റെ അന്ത്യവുമെല്ലാം മുമ്പില്‍ കണ്ട സമയത്തായിരുന്നു ശ്രേയസ് അയ്യരും ആര്‍. അശ്വിനും കളത്തിലിറങ്ങിയത്. 74ന് ഏഴ് എന്ന നിലയില്‍ കൂപ്പുകുത്തിയ ഇന്ത്യയെ അവിടുന്ന് വിജയത്തിലേക്കെത്തിച്ചാണ് അവരിരുവരും കളം വിട്ടത്.

ഇവര്‍ പടുത്തുയര്‍ത്തിയ 71 റണ്‍സിന്റെ കൂട്ടുകെട്ടിലാണ് ഇന്ത്യ വിജയത്തിലേക്ക് നടന്നുകയറിയത്. അശ്വിന്‍ പുറത്താകാതെ 42 റണ്‍സ് നേടിയപ്പോള്‍ അയ്യര്‍ 29 റണ്‍സുമായി പുറത്താകാതെ നിന്നു.

ഒടുവില്‍ ജയിക്കാന്‍ നാല് റണ്‍സ് മാത്രം മതിയെന്നിരിക്കെ അശ്വിന്‍ ബൗണ്ടറിയിലൂടെ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ആ ബൗണ്ടറി ഇന്ത്യയെ വിജയിപ്പിക്കുക മാത്രമല്ല, ടീമിനെ വമ്പന്‍ നാണക്കേടില്‍ നിന്ന് കര കയറ്റുകയുമായിരുന്നു ചെയ്തത്.

ഈ മത്സരം തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യക്കുണ്ടാവുന്ന നഷ്ടങ്ങള്‍ വളരെ വലുതായിരുന്നു. ഏകദിന പരമ്പര തോറ്റതിന് പിന്നാലെ ബംഗ്ലാദേശിനോട് അവരുടെ മണ്ണില്‍ ടെസ്റ്റില്‍ സമനില വഴങ്ങുക, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടീമിന്റെ സാധ്യത ഇല്ലാതാവുക തുടങ്ങിയ പടുകുഴികളില്‍ നിന്നും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയ ഷോട്ടായിരുന്നു അശ്വിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇക്കാര്യങ്ങളെല്ലാം ഉത്തമമായ ബോധ്യമുള്ളതിനാലാണ് വിജയത്തിന് ശേഷം കോച്ച് രാഹുല്‍ ദ്രാവിഡ് ഇരുവരെയും അഭിനന്ദിക്കാനെത്തിയപ്പോള്‍ അല്‍പം വികാരാധീനനായത്.

ഇരുതാരങ്ങളേയും കെട്ടിപ്പിടിച്ചുകൊണ്ടാണ് രാഹുല്‍ തന്റെ സന്തോഷം പങ്കുവെച്ചത്. ഈ ചിത്രങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആഘോഷമാക്കുകയാണ്. ഇന്ത്യയെയും തന്നെയും വലിയൊരു നാണക്കേടില്‍ നിന്നും രക്ഷിച്ചതിന്റെ നന്ദിയാകും ദ്രാവിഡ് അവരുടെ ചെവിയില്‍ പറഞ്ഞിട്ടുണ്ടാവുക എന്നാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്.

അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരാനും ഇന്ത്യക്ക് സാധിച്ചു. ഓസ്‌ട്രേലിയക്കെതിരായ നാല് മത്സരങ്ങളുടെ പരമ്പരയാണ് ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്.

Content Highlight: Rahul Dravid hugs R Ashwin and Shreyas Iyer after the victory against Bangladesh

We use cookies to give you the best possible experience. Learn more