കൊള്ളാം പിള്ളേരെ.., പക്ഷെ ഒന്നോര്‍ക്കണം ഇത് ടീമിന്റെ വിജയമാണ്, വ്യക്തിഗതമല്ല; പരമ്പര നേട്ടത്തിന് പിന്നാലെ ടീമംഗങ്ങളോട് ദ്രാവിഡ്, വീഡിയോ പുറത്തുവിട്ട് ബി.സി.സി.ഐ.
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. തോല്‍ക്കുമെന്ന് കരുതിയ മത്സരത്തില്‍ വാലറ്റത്ത് ദീപക് ചഹാറും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
വിജയത്തിന് പിന്നാലെ ദീപക് ചഹാറിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചഹാറിനെ നേരത്തെ ഇറക്കിയത് കോച്ചിന്റെ തന്ത്രമാണെന്ന് പുറത്തറിഞ്ഞതോടെ ദ്രാവിഡിനും പ്രശംസയേറി.
എന്നാല്‍ വിജയത്തിന് കാരണം ടീം വര്‍ക്കാണെന്നാണ് ദ്രാവിഡിന്റെ അഭിപ്രായം. മത്സരശേഷം ടീമംഗങ്ങളുമായുള്ള സംസാരത്തിലാണ് ദ്രാവിഡ് ഇക്കാര്യം വ്യക്തമാക്കിയത്. ദ്രാവിഡ് സംസാരിക്കുന്നതിന്റെ വീഡിയോ ബി.സി.സി.ഐ. പുറത്തുവിട്ടു.
‘ഇത് വ്യക്തിഗത പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കേണ്ട സമയമല്ല. അതിനെക്കുറിച്ച് നമ്മുടേതായ ഒത്തുചേരലില്‍ സംസാരിക്കാം. എന്നാല്‍ കളി മൊത്തമായി വീക്ഷിക്കുമ്പോള്‍ ഒരു ടീം പെര്‍ഫോമന്‍സ് കാണാനാകും. ബാറ്റിംഗിലും ബൗളിംഗിലും ഒരുപിടി മികച്ച പ്രകടനങ്ങളുണ്ടായിരുന്നു,’ ദ്രാവിഡ് പറഞ്ഞു.
മത്സരത്തില്‍ ദീപക് ചഹാര്‍-ഭുവനേശ്വര്‍ കുമാര്‍ സഖ്യത്തിന്റെ മികവിലാണ് ഇന്ത്യ അവിസ്മരണീയ ജയം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
From raw emotions to Rahul Dravid’s stirring dressing room speech 🗣️🗣️@28anand & @ameyatilak go behind the scenes to get you reactions from #TeamIndia‘s 🇮🇳 thrilling win over Sri Lanka in Colombo 🔥 👌 #SLvIND
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഏഴിന് 193 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ, ചഹാര്‍ -ഭുവി കൂട്ടുകെട്ടിന്റെ ബലത്തില്‍ പിന്നീട് ഒരു വിക്കറ്റ് പോലും നഷ്ടമാക്കാതെ ലക്ഷ്യത്തിലെത്തുകയായിരുന്നു.