| Saturday, 27th July 2024, 1:38 pm

വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളുണ്ടാകും; പരിശീലകസ്ഥാനം ഏറ്റെടുത്ത ഗംഭീറിന് ആശംസയുമായി ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പില്‍ ഇന്ത്യ രണ്ടാം തവണയും കിരീട ജേതാക്കള്‍ ആയിരുന്നു. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യന്‍ ടീം വീണ്ടും ഒരു ഐ.സി.സി കിരീടം സ്വന്തമാക്കിയത്. തന്റെ പരിശീലന കാലാവധിക്ക് ശേഷം പുതിയ ഹെഡ് കോച്ചായി നിയമിക്കപ്പെട്ടത് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ആണ്.

പരിശീലകനായി സ്ഥാനമേറ്റ ശേഷമുള്ള ഗംഭീറിന്റെ ആദ്യ അസൈന്‍മെന്റ് ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ പര്യടനമാണ്. ഇന്ന് തുടങ്ങുന്ന പര്യടനത്തില്‍ ആദ്യം നടക്കുന്നത് മൂന്ന് ടി-20 മത്സരങ്ങളാണ്. ജൂലൈ 27, 28, 30 എന്നീ തീയതികളിലാണ് ടി-20 മത്സരങ്ങള്‍ ശ്രീലങ്കയിലെ പല്ലേക്കെല്ലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുക.

ഒരുപാട് ക്രിക്കറ്റ് നിരീക്ഷകരില്‍ നിന്നും മുന്‍ താരങ്ങളില്‍ നിന്നും പുതിയ പരിശീലകസ്ഥാനം ഏറ്റ ഗംഭീറിന് ആശംസകള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ തന്റെ ആദ്യ അസൈമെന്റിന് മുന്നോടിയായി ഗംഭീറിന് ആശംസ അറിയിച്ച രംഗത്ത് വന്നിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്.

‘ഹലോ ഗൗതം, ഇന്ത്യയെ പരിശീലിപ്പിക്കുന്ന ആവേശകരമായ റോളിലേക്ക് സ്വാഗതം. ടി-20 ലോകകപ്പ് വിജയിച്ചതിന് ശേഷം ഞാന്‍ മെന്‍ ബ്ലൂ ടീമുമായുള്ള എന്റെ ജീവിതം അവസാനിപ്പിച്ചു. അവര്‍ക്കൊപ്പമുള്ള സമയം ഞാന്‍ എപ്പോഴും ഓര്‍ക്കും. മുഖ്യ പരിശീലകനായിട്ടുള്ള നിങ്ങളുടെ യാത്രയ്ക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു.

എല്ലാം സീരീസിലും നിങ്ങള്‍ക്ക് പൂര്‍ണ ഫിറ്റ്‌നസുള്ള കളിക്കാര്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനോടുള്ള നിങ്ങളുടെ അര്‍പ്പണബോധത്തെയും അഭിനിവേശത്തെയും കുറിച്ച് എനിക്ക് നന്നായി അറിയാം. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ കുറച്ചുകൂടെ മുന്നോട്ടുപോയി പുഞ്ചിരിക്കു. നിങ്ങള്‍ ഇന്ത്യന്‍ ടീമിനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ദ്രാവിഡ് വീഡിയോയില്‍ പറഞ്ഞു.

ഈ വീഡിയോയോക്ക് പ്രതികരിച്ചുകൊണ്ട് ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറും പ്രതികരിച്ചിരുന്നു.

രാഹുല്‍ ഭായ് ഇന്ത്യന്‍ ക്രിക്കറ്റിനുവേണ്ടി തന്റെ എല്ലാം നല്‍കിയിട്ടുണ്ട്. ഞാന്‍ പെട്ടെന്ന് ഇമോഷണല്‍ ആകുന്ന ആളല്ല എന്നാണ് കരുതുന്നത്. പക്ഷേ അദ്ദേഹത്തിന്റെ മെസേജ് എന്നെ ഇമോഷണല്‍ ആക്കി. രാഹുല്‍ ഭായുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാനാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു രാജ്യം മുഴുവന്‍ അഭിമാനിക്കാന്‍ ഞാന്‍ ശ്രമിക്കും,’ഗംഭീര്‍ പ്രതികരിച്ചു.

ശ്രീലങ്കയ്ക്ക് എതിരായ ടി-20 സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിങ്കു സിങ്, റിയാല്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്

Content Highlight: Rahul Dravid Give Wishes To New Indian Head Coach Gautham Gambhir

We use cookies to give you the best possible experience. Learn more