കാണ്‍പൂര്‍: ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. മത്സരത്തിന്റെ അഞ്ച് ദിവസവും പിച്ചൊരുക്കിയ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് 35,000 രൂപ നല്‍കിയാണ് താരം മാതൃകയായത്.
കളിക്കളത്തിലെ മാന്യതയുടെ പ്രതിരൂപമെന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കാന്‍ കാരണം എന്താണെന്ന് അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു താരത്തിന്റെ പ്രവര്‍ത്തി.
പ്രമുഖ മാധ്യമപ്രവര്‍ത്തകനായ കുശന്‍ സര്‍ക്കാര്‍ ദ്രാവിഡിന്റെ ഈ പ്രവര്‍ത്തിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ദ്രാവിഡ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണ്. അദ്ദേഹം ഗ്രീന്‍ പാര്‍ക്കിലെ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് 35,000 രൂപ നല്‍കിയിരിക്കുന്നു. ഒരുപക്ഷേ കഴിഞ്ഞ അഞ്ച് ദിവസം പിച്ച് ഒരുക്കിയതിന്റെ അഭിനന്ദനമാകാം,’ എന്നായിരുന്നു കുശന്‍ ട്വീറ്റ് ചെയ്തത്.
Rahu #Dravid is bit different from the pack. He has donated Rs 35,000 from his own pocket for Green Park groundsmen. Perhaps an appreciation for producing a track that lasted 5 days.#INDvsNZTestSeries
— Kushan Sarkar (@kushansarkar) November 29, 2021
അതേസമയം, ഇന്ത്യയും ന്യൂസിലാന്റും തമ്മില്‍ നടന്ന ആദ്യടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ജയിക്കുമെന്നുള്ള പ്രതീതി സൃഷ്ടിച്ച ശേഷമായിരുന്നു ഇന്ത്യ സമനില വഴങ്ങിയത്.
ഒമ്പത് വിക്കറ്റ് നഷ്ടമായശേഷം അവസാന ബാറ്റര്‍ അജാസ് പട്ടേലിനൊപ്പം ഒമ്പതോവര്‍ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനെതിരെ പ്രതിരോധിച്ചു നിന്ന രചിന്‍ രവീന്ദ്രയാണ് കിവീസിന് സമനില സമ്മാനിച്ചത്.
284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കീവീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്ത് സമനില പിടിച്ചുവാങ്ങുകയായിരുന്നു. സ്‌കോര്‍ ഇന്ത്യ 345, 243-7, ന്യൂസിലന്‍ഡ് 296, 165-9.
രവീന്ദ്ര ജഡേജയുടെ പന്തില്‍ സൗത്തി പുറത്തായപ്പോള്‍ തന്നെ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ഓരോ പന്തിലും വിക്കറ്റിനുള്ള സാധ്യതകള്‍ അടച്ച രചിന്‍ രവീന്ദ്ര 91 പന്തുകള്‍ നേരിട്ട് 18 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 23 പന്തുകള്‍ പ്രതിരോധിച്ച അജാസ് പട്ടേല്‍ മികച്ച പിന്തുണയുമായി ക്രീസില്‍ നിന്നു.
അശ്വിനും ജഡേജയും അക്‌സര്‍ പട്ടേലും തന്ത്രങ്ങള്‍ പലത് പയറ്റിയിട്ടും, ബാറ്റര്‍മാര്‍ക്ക് ചുറ്റും ഫീല്‍ഡര്‍മാരെ നിര്‍ത്തി അജിന്‍ക്യ രഹാനെ സമ്മര്‍ദ്ദം ചെലുത്തിയിട്ടും കിവീസ് വീണില്ല. 52 പന്തുകളാണ് അവസാന വിക്കറ്റില്‍ രചിന്‍ രവീന്ദ്രയും അജാസ് പട്ടേലും ചേര്‍ന്ന് പ്രതിരോധിച്ചത്.
അവസാന നിമിഷം വെളിച്ചക്കുറവും ഇന്ത്യക്ക് മുന്നില്‍ വില്ലനായപ്പോള്‍ വിജയം കൈയകലെ ഇന്ത്യക്ക് നഷ്ടമായി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Rahul Dravid donates Rs 35,000 to Green Park groundsmen for producing a 5-day pitch for India vs New Zealand Test