| Wednesday, 10th July 2024, 4:37 pm

സഹപരിശീലകര്‍ക്ക് നല്‍കുന്ന അതേ തുക മതി; ബോണസ് തുക നിഷേധിച്ച് രാഹുല്‍ ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയത്. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും നേതൃത്വത്തില്‍ ആയിരുന്നു ഇന്ത്യയുടെ ഐതിഹാസികമായ വിജയം.

ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലുള്ള 15 അംഗങ്ങള്‍ക്കും അഞ്ചുകോടി രൂപ വീതം ആയിരുന്നു സമ്മാനത്തുകയായി ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ കോച്ചിങ് സ്റ്റാഫുകള്‍ക്ക് 2.5 കോടി രൂപയും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ച രാഹുല്‍ ദ്രാവിഡിന് 2.5 കോടി രൂപ അധിക ബോണസായി നല്‍കാന്‍ ബി.സി.സി.ഐ തീരുമാനിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ദ്രാവിഡ് ഈ അധിക ബോണസ് സ്വീകരിക്കാന്‍ തയ്യാറല്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മറ്റു സ്റ്റാഫുകള്‍ക്ക് നല്‍കുന്ന അതേ തുക തന്നെ തനിക്ക് ലഭിച്ചാല്‍ മതിയെന്നാണ് രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം. ബൗളിങ് കോച്ച് പാരാസ് മാംബ്രെ, ഫീല്‍ഡിങ് കോച്ച് ടി. ദിലീപ്, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് തുടങ്ങിയവരായിരുന്നു മറ്റു സഹ പരിശീലകര്‍.

കളിക്കാര്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ബി.സി.സി.ഐ 125 കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്. ടീമില്‍ ഉള്‍പ്പെട്ട റിസര്‍വ് താരങ്ങള്‍ക്കും സെലക്ടര്‍മാര്‍ക്കും ഒരുകോടി രൂപ വീതവും. ബാക്കിയുള്ള ബാക്ക് റൂം സ്റ്റാഫുകള്‍ക്ക് രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അതില്‍ ഫിസിയോതെറാപ്പിസ്റ്റുകള്‍ സ്‌പെഷ്യലിസ്റ്റുകള്‍ മസാജ് ആന്‍ഡ് കണ്ടീഷനിങ് കോച്ച് എന്നിവര്‍ ഉള്‍പ്പെടുന്നു.

Content highlight: Rahul Dravid Denied Bonus Money From BCCI

We use cookies to give you the best possible experience. Learn more