| Thursday, 16th February 2023, 11:53 pm

ഓസീസ്-പാക് താരങ്ങള്‍ക്കുള്ള ആ അഡ്വാന്റേജ് ഇന്ത്യന്‍ താരങ്ങള്‍ക്കില്ല: രാഹുല്‍ ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് സീരിസിന്റെ രണ്ടാം മത്സരം തുടങ്ങാനിരിക്കെ വലിയ പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാമ്പ്. ആദ്യ ടെസ്റ്റ് ഇന്നിങ്‌സിനും 132 റണ്‍സിനും ജയിച്ച ഇന്ത്യ ദല്‍ഹിയിലും ആധിപത്യം പുലര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനിടെ ഇന്ത്യന്‍ ടീമില്‍ ഇടംകയ്യന്‍ സീമര്‍മാരുടെ അഭാവത്തെ കുറിച്ച് ടീം കോച്ച് രാഹുല്‍ ദ്രാവിഡ് നടത്തിയ പരാമര്‍ശം ശ്രദ്ധേയമാവുകയാണ്.

എന്തുകൊണ്ടാണ് ഇര്‍ഫാന്‍ പത്താനും ,ആശിഷ് നെഹ്‌റക്കും ശേഷം അത്ര മികച്ചൊരു ഇടംകയ്യന്‍ പേസര്‍ നിര ഇന്ത്യയില്‍ പിന്നീടുണ്ടാവാത്തതെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഒരു ലെഫ്റ്റ് ഹാന്‍ഡ് പേസര്‍ ടീമിന്റെ പ്രകടനത്തില്‍ തന്നെ വലിയ മാറ്റം കൊണ്ടുവരും. ഇര്‍ഫാന്‍ പത്താനും, ആശിഷ് നെഹ്‌റക്കുമൊപ്പം സഹീര്‍ ഖാനെയും നിങ്ങള്‍ മറന്ന് പോകരുത്. അതുപോലെ തന്നെ അര്‍ഷദീപ് സിങ്ങും ഈയടുത്തായി മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്. വരും നാളുകളില്‍ അതിന്റെ മാറ്റവും നമുക്ക് കാണാനാകും,’ ദ്രാവിഡ് പറഞ്ഞു.

കൂടാതെ ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്, പാക്കിസ്ഥാന്റെ ഷാഹിന്‍ അഫ്രിദി എന്നിവര്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നതെന്തുകൊണ്ടാണെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇന്ത്യയില്‍ ആറടിക്ക് മുകളില്‍ ഉയരമുള്ള പേസര്‍മാരുടെ അഭാവമുണ്ടെന്നും സ്റ്റാര്‍ക്കിനും, അഫ്രീദിക്കും ബോളിങില്‍ ലഭിക്കുന്ന അഡ്വാന്റേജ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആറടി നാലിഞ്ച് ഉയരമുള്ള ബൗളര്‍മാര്‍ നിങ്ങളുടെ കയിലുണ്ടെങ്കില്‍ പറഞ്ഞോളൂ. സ്റ്റാര്‍ക്കിനും, അഫ്രീദിക്കുമെല്ലാം അവരുടെ ഉയരത്തിന്റെ നല്ല അഡ്വാന്റേജുണ്ട്. പക്ഷെ ഇന്ത്യയില്‍ നമുക്ക് ആറടി അഞ്ചിഞ്ചില്‍ കൂടുതല്‍ ഉയരമുള്ള ഇടങ്കയ്യന്‍ ബോളര്‍മാരില്ല,’ ദ്രാവിഡ് പറഞ്ഞു.

നാഗ്പൂരില്‍ വെച്ച് നടന്ന ഒന്നാം ടെസ്റ്റില്‍ കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ കളിച്ചത്. പിച്ചിന്റെ ആനുകൂല്യം പരമാവധി മുതലെടുത്ത ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഓസീസ് പയറ്റിയ തന്ത്രങ്ങളൊന്നും തന്നെ വിലപ്പോയില്ല.

അതിനിടെ ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ രണ്ടാം മത്സരം. ഫെബ്രുവരി 17 ന് ആരംഭിക്കുന്ന മത്സരം വിജയിച്ച് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ യോഗ്യത നേടിയെടുക്കാനാണ് ഇന്ത്യയുടെ ശ്രമം.

ഒന്നാം ടെസ്റ്റ് വലിയ മാര്‍ജിനില്‍ ജയിക്കാനായത് ടീമിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. മുഹമ്മദ് ഷമിയും, മുഹമ്മദ് സിറാജുമായിരിക്കും ടീമിന്റെ പേസ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

Content Highlight: Rahul Dravid comment on Indian bowlers

We use cookies to give you the best possible experience. Learn more