| Thursday, 10th November 2022, 7:47 pm

പോട്ടെടാ... അടുത്ത പ്രാവശ്യം പിടിക്കാം; പൊട്ടിക്കരഞ്ഞ രോഹിത്തിനെ ആശ്വസിപ്പിച്ച് ദ്രാവിഡ്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ തല്ലിക്കെടുത്തിയാണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ഇന്ത്യയുടെ സമീപകാല ക്രിക്കറ്റ് കരിയറിലെ മോശം തോല്‍വികളിലൊന്ന് ഏറ്റുവാങ്ങിയാണ് രോഹിത്തും സംഘവും കാന്‍ബറയില്‍ നിന്നും തിരികെ വിമാനം കയറുന്നത്.

ഇന്ത്യന്‍ ടീമിനെ അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭമാക്കിയായിരുന്നു ഇംഗ്ലണ്ട് മത്സരം പിടിച്ചടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം പത്ത് വിക്കറ്റും നാല് ഓവറും ബാക്കിയിരിക്കെ ത്രീ ലയണ്‍സ് മറികടക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് എന്നത്തേയും പോലെ മോശം തുടക്കമായിരുന്നു ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ.എല്‍. രാഹുലും നല്‍കിയത്. കെ.എല്‍. രാഹുല്‍ വീണ്ടും ഒറ്റയക്കത്തിന് പുറത്തായി. അഞ്ച് പന്തില്‍ നിന്നും അഞ്ച് റണ്‍സ് മാത്രം നേടിയാണ് രാഹുല്‍ പുറത്തായത്. പിന്നാലെ 28 പന്തില്‍ നിന്നും 27 റണ്‍സുമായി രോഹിത്തും പുറത്തായി.

മൂന്നാമനായി ക്രീസിലെത്തിയ വിരാട് റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുമ്പോഴും വിക്കറ്റ് വീണുകൊണ്ടേയിരുന്നു. ഇന്ത്യയുടെ ബാറ്റിങ് സെന്‍സേഷന്‍ സൂര്യകുമാര്‍ യാദവ് സമ്മര്‍ദ്ദത്തിനടിമപ്പെട്ട് പുറത്തായപ്പോള്‍ റിഷബ് പന്ത് ഒരിക്കല്‍ക്കൂടി പരാജയമായി.

അഞ്ചാമനായി ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യക്കൊപ്പം ചേര്‍ന്നാണ് വിരാട് റണ്‍സ് ഉയര്‍ത്തിയത്. ഇരുവരുടെയും അര്‍ധ സെഞ്ച്വറികള്‍ ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചെങ്കിലും ഇംഗ്ലണ്ടിന് ഭീഷണിയുയര്‍ത്താന്‍ അതെല്ലാം പോരാതെ വരികയായിരുന്നു.

ഓപ്പണര്‍മാരായിരുന്നു ഇംഗ്ലണ്ടിന്റെ കരുത്ത്. ക്യാപ്റ്റന്‍ ജോസ് ബട്‌ലറും അലക്‌സ് ഹേല്‍സും മാറി മാറി ഇന്ത്യന്‍ ബൗളര്‍മാരെ പ്രഹരിച്ചുകൊണ്ടിരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍മാരെല്ലാം തന്നെ ഒന്നൊഴിയാതെ അടിവാങ്ങിക്കൂട്ടിയിരുന്നു.

ടി-20 ഫോര്‍മാറ്റില്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തേണ്ടത് എങ്ങനെയെന്ന് രോഹിത്തിനെയും രാഹുലിനെയും പഠിപ്പിക്കും വിധമായിരുന്നു ഇംഗ്ലീഷ് ഓപ്പണര്‍മാരുടെ അഴിഞ്ഞാട്ടം.

ടി-20 ഫോര്‍മാറ്റിന്റെ സകല സ്ഫോടനാത്മകമകതയും പുറത്തെടുത്ത പ്രകടനമായിരുന്നു അലക്സ് ഹേല്‍സും ക്യാപ്റ്റന്‍ ജോസ് ബട്‌ലറും  കാഴ്ചവെച്ചത്. ഹേല്‍സ് 47 പന്തില്‍ നിന്നും ഏഴ് സിക്സറും നാല് ബൗണ്ടറിയുമായി 86 റണ്‍സ് നേടിയപ്പോള്‍ ഒമ്പത് ബൗണ്ടറിയും നാല് സിക്സറുമടക്കം 80 റണ്‍സുമായി ജോസ് ബട്ലറും തകര്‍ത്തടിച്ചു.

നിര്‍ണായകമായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ കരഞ്ഞുകലങ്ങിയ കണ്ണുമായി നില്‍ക്കുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഇംഗ്ലണ്ട് തങ്ങളുടെ വിജയ റണ്‍ നേടിയതിന് പിന്നാലെ ക്യാമറ ഇന്ത്യന്‍ ഡഗ് ഔട്ടിലേക്ക് പാന്‍ ചെയ്തപ്പോള്‍ കരച്ചിലടക്കാന്‍ പാടുപെടുന്ന രോഹിത് ശര്‍മയായിരുന്നു കാഴ്ച.

തലതാഴ്ത്തിയിരുന്ന് കണ്ണീര്‍ തുടക്കുകയും മുഖം പൊത്തുകയും ചെയ്താണ് രോഹിത് ശര്‍മ കരച്ചിലടക്കിപ്പിടിച്ചത്. ഇതുകണ്ട് അടുത്തെത്തിയ കോച്ച് രാഹുല്‍ ദ്രാവിഡ് രോഹിത്തിന്റെ പുറത്ത് തട്ടി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

ഇന്ത്യയെ തോല്‍പിച്ച് ഫൈനലിലെത്തിയ ഇംഗ്ലണ്ടിന് പാകിസ്ഥാനെയാണ് നേരിടാനുള്ളത്. സൂപ്പര്‍ 12 ഘട്ടത്തിന് ശേഷം ഓരോ ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാരാണ് ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.

നവംബര്‍ 13നാണ് ഇംഗ്ലണ്ട് – പാകിസ്ഥാന്‍ ഫൈനല്‍ മത്സരം. പ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് ഫൈനല്‍ മത്സരത്തിന് വേദിയാകുന്നത്.

Content Highlight:  Rahul Dravid comforts Rohit Sharma who was in tears after losing in the semi-final match against England

We use cookies to give you the best possible experience. Learn more