മുംബൈ : മലയാളി പേസര്‍ ശ്രീശാന്തിന്റെ തിരിച്ചു വരവ് കുറച്ച് നാളായി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. താരത്തിന് തിരിച്ച് വരവിനുള്ള അവസരം നല്‍കരുതെന്ന ആകാശ് ചോപ്രയുടെ ട്വീറ്റിന് ശ്രീ തന്നെ നേരിട്ട് മറുപടി നല്‍കിയതോടെ വിവാദം പുതിയ തലത്തിലേക്ക് എത്തുകയായിരുന്നു. പിന്നാലെ താരത്തിന് പിന്തുണയുമായി ബി.സി.സി.ഐ വൈസ്.പ്രസിഡന്റ് കൂടിയായ ടി.സി മാത്യുവും രംഗത്തെത്തി. ഇപ്പോഴിതാ ശ്രീയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത് സാക്ഷാല്‍ രാഹുല്‍ ദ്രാവിഡ് തന്നെയാണ്.
ട്വിറ്ററിലൂടെയാണ് വന്‍മതില്‍ ശ്രീശാന്തിന് പിന്തുണയറിച്ചത്. ശ്രീശാന്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന ദ്രാവിഡ് തിരിച്ച് വരവുകളുടെ വര്‍ഷമാകട്ടെ ഇതെന്നും ആശംസിക്കുന്നുണ്ട് ട്വീറ്റില്‍. ദ്രാവിഡിനൊപ്പമുള്ള ശ്രീയുടെ ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട് അദ്ദേഹം.
തനിക്കെതിരായ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ശ്രീ കഴിഞ്ഞ ദിവസം ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി തലവനായ വിനോദ് റായ്ക്ക് കത്തയച്ചിരുന്നു. നേരത്തെ, തന്നെ സ്‌കോട്ട്‌ലാന്‍ഡ് ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്ന ശ്രീയുടെ അപേക്ഷ ബോര്‍ഡ് തള്ളിക്കളഞ്ഞിരുന്നു.
Also Read: ടീനേജുകാരനാവാന്‍ തടികുറച്ച് സുരേഷ് ഗോപിയുടെ മകന്‍
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീശാന്ത് 2013 ലെ വാതുവെപ്പ് കേസില്‍ കുടുങ്ങുന്നതോടെയാണ് ക്രിക്കറ്റ് കരിയറിന് അപ്രതീക്ഷിത വിരാമിടാന്‍ നിര്‍ബന്ധിതനാകുന്നത്. പിന്നീട് കേസില്‍ നിന്നും ശ്രീയെ കോടതി വെറുതെ വിട്ടെങ്കിലും വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയ്യാറായില്ല.