| Monday, 29th June 2020, 4:31 pm

ഈ കളിയില്‍ നമ്മള്‍ വേണ്ട; ഗാംഗുലിയോടും സച്ചിനോടും 2007 ടി-20 ലോകകപ്പില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പറഞ്ഞത് ദ്രാവിഡെന്ന് വെളിപ്പെടുത്തല്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: 2007 ലെ ടി-20 ലോകകപ്പില്‍ നിന്ന് സച്ചിനോടും ഗാംഗുലിയോടും മാറിനില്‍ക്കാന്‍ നിര്‍ദേശിച്ചത് ദ്രാവിഡായിരുന്നെന്ന് മുന്‍ മാനേജര്‍ ലാല്‍ചന്ദ് രജ്പുതിന്റെ വെളിപ്പെടുത്തല്‍. സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ സീനിയര്‍ താരങ്ങളായ ഗാംഗുലി, സച്ചിന്‍ എന്നിവര്‍ മാറി നില്‍ക്കണമെന്ന അഭിപ്രായമായിരുന്നു ദ്രാവിഡിനുണ്ടായിരുന്നത്. സ്വയം മാറി നില്‍ക്കാനും അദ്ദേഹം തീരുമാനിച്ചു- രജ്പുത് പറഞ്ഞു.

2007-ലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം നേരേ ദക്ഷിണാഫ്രിക്കയിലേക്ക് പോകാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ പ്ലാന്‍. രാഹുല്‍ ദ്രാവിഡായിരുന്നു ആ സമയത്ത് ടീമിനെ നയിച്ചിരുന്നത്.

ടീം ലോകകപ്പ് ജയിച്ചപ്പോള്‍ തങ്ങള്‍ ഇനിയെന്ന് ലോകകപ്പ് നേടുമെന്ന് അവര്‍ സങ്കടപ്പെട്ടിരിക്കാമെന്നും ലാല്‍ചന്ദ് കൂട്ടിച്ചേര്‍ത്തു.

ടി-20 ലോകകപ്പിനായി കാര്യമായ പരിശീലനം ലഭിക്കാതെയാണ് ടീം കളിക്കാനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പരിശീലനത്തിനായി ടീമിന് അധിക സമയമൊന്നും ലഭിച്ചിരുന്നില്ല. അതിനു മുമ്പ് ഒരേയൊരു രാജ്യാന്തര ടി-20 മത്സരം മാത്രമാണ് ടീം കളിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സീനിയര്‍ താരങ്ങള്‍ മാറി നിന്നപ്പോള്‍ ധോണി എന്ന ക്യാപ്റ്റനെ ആദ്യമായി പരീക്ഷിച്ചത് ടി-20 ലോകകപ്പിലായിരുന്നു. സെവാഗ്, യുവരാജ്, ഹര്‍ഭജന്‍ എന്നീ പരിചയസമ്പന്നരോടൊപ്പം ഗംഭീര്‍, രോഹിത്, ഉത്തപ്പ, ശ്രീശാന്ത് എന്നീ യുവതാരങ്ങളും ചേര്‍ന്ന ടീമിനെ നയിച്ച ധോണി, കിരീടവുമായാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more