| Wednesday, 3rd November 2021, 9:25 pm

ഉറപ്പിച്ചു; ദ്രാവിഡ് ഇനി ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനാകും. ബി.സി.സി.ഐയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ദ്രാവിഡ് പരിശീലകനായി സ്ഥാനമേല്‍ക്കും. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. അഭിമാനമുണ്ടെന്നും ഇതൊരു ബഹുമതിയായി കാണുന്നുവെന്നും ദ്രാവിഡ് പ്രതികരിച്ചു.

ദേശീയ ക്രിക്കറ്റ് അക്കാദമിയിലും അണ്ടര്‍-19 ടീമിലും ഇന്ത്യ എ ടീമിലുമുണ്ടായിരുന്ന താരങ്ങളാണ് സീനിയര്‍ ടീമിലുള്ളതെന്നും അവരുമായി നേരത്തെയുള്ള ബന്ധം കോച്ചിങ്ങിന് ഒരുപാട് സഹായിക്കുമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

നേരത്തെയും ദ്രാവിഡിന്റെ പേര് പരിശീലകസ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നെങ്കിലും താരം സമ്മതം മൂളിയിരുന്നില്ല. എന്നാല്‍ ഐ.പി.എല്‍ 14-ാം സീസണ്‍ ഫൈനലിന് ശേഷം ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ദ്രാവിഡുമായി ചര്‍ച്ച നടത്തിയതാണ് നിര്‍ണായകമായത്.

യു.എ.ഇയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പോടെ നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി സ്ഥാനമൊഴിയും.

നേരത്തെ 2016, 2017 വര്‍ഷങ്ങളിലും ബി.സി.സി.ഐ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rahul Dravid appointed India head coach

Latest Stories

We use cookies to give you the best possible experience. Learn more