ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യക്ക് അന്യമായിരുന്ന ഐ.സി.സി കിരീടം നേടിക്കൊടുത്താണ് രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. ഐ.സി.സി ഏകദിന ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിലേക്ക് അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചെങ്കിലും ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെടാനായിരുന്നു ഹോ ടീമിന്റെ വിധി.
എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ വെസ്റ്റ് ഇന്‍ഡീസിന്റെ മണ്ണില്‍ ദ്രാവിഡ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. 2007 ലോകകപ്പില്‍ ക്യാപ്റ്റനായിരിക്കെ നാണംകെട്ട് പുറത്താകേണ്ടി വന്ന അതേ വെസ്റ്റ് ഇന്‍ഡീസിന്റെ മണ്ണില്‍ പരിശീലകന്റെ റോളില്‍ ഇന്ത്യയെ കിരീടമണിയിച്ചാണ് ദ്രാവിഡ് പരിശീലകസ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്.
ഏതൊരു ടീമിനും ഒരിക്കലും എളുപ്പം തകര്‍ക്കാന്‍ കഴിയാത്ത രീതിയിലേക്ക് ടീമിനെ മാറ്റിയെടുത്താണ് ദ്രാവിഡ് പരിശീലകന്റെ കുപ്പായത്തോടെ ഗുഡ് ബൈ പറഞ്ഞത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ശക്തിയെ കുറിച്ച് പറയുകയാണ് അദ്ദേഹം. മൗംണ്ട് ജോയ് ക്രിക്കറ്റ് ക്ലബ്ബിന്റെ 50ാം വാര്‍ഷിക വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശോധിക്കുകയാണെങ്കില്‍ അവരിന്ന് ഏറെ ശക്തരാണ്. ഇതിനുള്ള പ്രധാന കാരണം ഇന്ത്യയുടെ എല്ലാ ഭാഗത്ത് നിന്നും പ്രഗത്ഭരായ താരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
മുന്‍കാലങ്ങളിലെ കാര്യങ്ങള്‍ പരിശോേധിക്കുകയാണെങ്കില്‍ ബിഗ് സിറ്റികളില്‍ നിന്നോ ചില സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമോ ആണ് നമുക്ക് താരങ്ങളെ ലഭിക്കാറുണ്ടായിരുന്നത്. ഗ്രാമങ്ങളിലെല്ലാം മികച്ച താരങ്ങളുണ്ടായിരുന്നെങ്കിലും അവര്‍ക്ക് ക്രിക്കറ്റ് കളിക്കണമെങ്കിലോ പ്രാക്ടീസ് ചെയ്യണമെങ്കിലോ നഗരപ്രദേശങ്ങളില്‍ എത്തണമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. ഇന്ത്യയിലെ എല്ലായിടത്ത് നിന്നും താരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്,’ ദ്രാവിഡ് പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്നും പടിയ ദ്രാവിഡ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കോച്ചായി ചുമതലയേറ്റിരിക്കുകയാണ്. നേരത്തെ ടീമിന്റെ ക്യാപ്റ്റനായിരുന്ന ദ്വാവിഡ് ഇപ്പോള്‍ പരിശീലകന്റെ കുപ്പായത്തിലെത്തുന്നതിന്റെ ആവേശത്തിലാണ് രാജസ്ഥാന്‍ ആരാധകര്‍.
നായകന്‍ സഞ്ജു സാംസണുമായി മികച്ച ബന്ധമാണ് ദ്രാവിഡിനുള്ളത്. രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരിക്കവെയാണ് സഞ്ജു ടീമിന്റെ ഭാഗമാകുന്നത്. ഇതിന് പുറമെ സഞ്ജു അണ്ടര്‍ 19 കളിക്കുമ്പോള്‍ താരത്തിന്റെ വളര്‍ച്ച അടുത്ത് നിന്ന് കണ്ടവരില്‍ ഒരാള്‍ കൂടിയാണ് ദ്രാവിഡ്.
40 മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ച ദ്രാവിഡ് 23 മത്സരങ്ങളില്‍ ടീമിനെ വിജയിപ്പിക്കുകയും ചെയ്തിരുന്നു. 57.50 ആണ് ക്യാപ്റ്റന്റെ റോളില്‍ രാജസ്ഥാനൊപ്പമുള്ള താരത്തിന്റെ വിജയശതമാനം.
ഇത്തവണ നടക്കുന്ന മെഗാ താരലേലത്തില്‍ ടീമിനെ കൂടുതല്‍ സ്റ്റേബിളാക്കാനും ഒരിക്കല്‍ നേടിയ കിരീടം വീണ്ടും തങ്ങളുടെ ഷെല്‍ഫിലെത്തിക്കാനുമാണ് രാജസ്ഥാന്‍ ഒരുങ്ങുന്നത്.
Content highlight: Rahul Dravid about Indian team