| Wednesday, 25th January 2023, 11:16 am

നമുക്കൊപ്പം രാഹുലും സഞ്ജുവുമുണ്ട്, പക്ഷേ... വിക്കറ്റ് കീപ്പര്‍ ബാറ്ററെ കുറിച്ച് ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

എം.എസ്. ധോണിക്ക് ശേഷം ഇന്ത്യക്ക് അത്രത്തോളം മികച്ച ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ഏകദിനത്തിന്റെ ഭാഗമായി മാധ്യമങ്ങളെ കാണവെയാണ് ദ്രാവിഡ് ധോണിയുടെ കാര്യം പരാമര്‍ശിച്ചത്.

വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ സ്ഥാനത്തേക്ക് നിലവില്‍ അഞ്ച് താരങ്ങളാണ് മത്സരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന ഡിപ്പാര്‍ട്‌മെന്റില്‍ നിരവധി താരങ്ങളുണ്ടെന്നും അത് ഇന്ത്യയുടെ ഭാഗ്യമാണെന്നുമാണ് ദ്രാവിഡ് പറയുന്നത്.

എന്നാല്‍ ധോണി ആ സ്ഥാനത്ത് നിന്നും പടിയിറങ്ങിയതോടെ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരുടെ നാളുകള്‍ ഇല്ലാതായെന്നും ദ്രാവിഡ് പറഞ്ഞു.

‘ഞങ്ങള്‍ എല്ലായ്‌പ്പോഴും ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ തിരയുകയാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. നിര്‍ഭാഗ്യവശാല്‍ എം.എസ്. ധോണിക്ക് ശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടെ നാളുകള്‍ ഇല്ലാതായി എന്നാണ് ഞാന്‍ കരുതുന്നത്.

ഇഷാന്‍ കിഷനായാലും കെ.എസ്. ഭരത്തായാലും വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ച എല്ലാ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്. ഭരത്തിന് ഇനിയും അന്താരാഷ്ട്ര മത്സരം കളിക്കാന്‍ സാധിച്ചിട്ടില്ല. ഒരു ബാറ്ററെന്ന നിലയില്‍ മികച്ച പ്രകടനമാണ് ഇഷാന്‍ കിഷന്‍ നടത്തുന്നത്.

രാഹുലും സഞ്ജുവും ടീമിനൊപ്പമുണ്ട്, പക്ഷേ റിഷബ് പന്തിന് പരിക്കേറ്റിരിക്കുകയാണ്. ഇവരെല്ലാവരും തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണ്. ഇപ്പോള്‍ നിങ്ങളൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മികച്ച രീതിയില്‍ ടീമിനായി സംഭാവന നല്‍കുകയും വേണം.

ഞങ്ങള്‍ ജിതേഷ് ശര്‍മയെയും ടി-20 സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവന് വലിയ സ്‌ട്രൈക്ക് റേറ്റില്‍ മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കും. ഐ.പി.എല്ലിലും സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും നമ്മളത് കണ്ടതാണ്,’ ദ്രാവിഡ് പറഞ്ഞു.

വിവാഹമായതിനാല്‍ കെ.എല്‍. രാഹുല്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടില്ല. പരിക്കായതിനാല്‍ തന്നെ സഞ്ജുവും പന്തും സ്‌ക്വാഡിന് പുറത്താണ്.

ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയില്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടെങ്കിലും ഒറ്റ മത്സരം പോലും കളിക്കാന്‍ കെ.എസ്. ഭരത്തിന് അവസരം ലഭിച്ചില്ലായിരുന്നു. വരാനിരിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ഭരത്തിന് ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്.

അതേസമയം, ജനുവരി 27ന് ആരംഭിക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ടി-20 പരമ്പരയില്‍ ഇഷാന്‍ കിഷനും ജിതേഷ് ശര്‍മയുമാണ് ഇടം കണ്ടെത്തിയിരിക്കുന്നത്.

Content Highlight: Rahul Dravid about India’s wicket keeper batters

We use cookies to give you the best possible experience. Learn more