2007ന് ശേഷം 17 വര്‍ഷത്തിന്റെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ കുട്ടിക്രിക്കറ്റിന്റെ രാജാക്കന്‍മാരായി മാറിയത്. ടി-20 ലോകകപ്പിന്റെ ഉദ്ഘാടന സീസണില്‍ ധോണി ഉയര്‍ത്തിയ ലോകകിരീടമാണ് ഒന്നര പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ രോഹിത്തും സംഘവും ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ മണ്ണിലെത്തിച്ചത്.
ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തിയാണ് രോഹിത്തും സംഘവും ആറാം ഐ.സി.സി കിരീടം ഇന്ത്യന്‍ മണ്ണിലെത്തിച്ചത്.
ഇതോടെ ഒന്നിലധികം തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന മൂന്നാമത് ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് (2012, 2016), ഇംഗ്ലണ്ട് (2010, 2022) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
ഇപ്പോള്‍ ഈ ലോകകപ്പ് വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ടീമിനെ മാറ്റാന്‍ തനിക്ക് ആഗ്രഹമില്ലായിരുന്നുവെന്നും സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡില്‍ ദ്രാവിഡ് പറഞ്ഞു. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സത്യം പറഞ്ഞാല്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ഏകദിന ലോകകപ്പില്‍ വളരെ മികച്ച പ്രകടനമാണ് ഞങ്ങള്‍ നടത്തിയതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
തുടര്‍ച്ചയായ പത്ത് മത്സരങ്ങള്‍ വിജയിക്കുന്നതിനാവശ്യമായ തയ്യാറെടുപ്പിലും പ്ലാനിങ്ങിലും അത് കൃത്യമായി നടപ്പിലാക്കുന്നതിലും ഇതില്‍ക്കൂടുതലൊന്നും ഞങ്ങള്‍ക്ക് ചെയ്യാനില്ലായിരുന്നു.
ഒന്നും മാറ്റാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ടീമിനുള്ളില്‍ എല്ലാവര്‍ക്കും സമ്മതമായ കാര്യമെന്തോ അത് കൃത്യമായി ചെയ്യണം എന്നതാണ് തീരുമാനിച്ചിരുന്നത്. നേരത്തെയുണ്ടായിരുന്ന അതേ എനര്‍ജി, അതേ വൈബ്, അതേ ടീം സാഹചര്യങ്ങള്‍ എല്ലാം ഒരുക്കണമായിരുന്നു. ശേഷം അന്നേ ദിവസം ഞങ്ങള്‍ക്ക് കുറച്ച് ഭാഗ്യം കൂടി ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുക,’ ദ്രാവിഡ് പറഞ്ഞു.
പുരസ്‌കാര വേദിയില്‍ വെച്ച് രാഹുല്‍ ദ്രാവിഡിന്റെ ബയോപിക്കിനെ കുറിച്ചുള്ള ചോദ്യവും ഉയര്‍ന്നിരുന്നു.
‘രാഹുല്‍ ദ്രാവിഡിന്റെ ബയോപിക്കില്‍ ആര് നായകനാകണം,’ എന്ന ചോദ്യത്തിന് ‘മികച്ച പ്രതിഫലം നല്‍കുകയാണെങ്കില്‍ ഞാന്‍ തന്നെ എന്റെ റോള്‍ അവതരിപ്പിക്കാം,’ എന്നായിരുന്നു ദ്രാവിഡിന്റെ മറുപടി.
അതേസമയം, ദ്രാവിഡിന് പുറമെ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി അടക്കമുള്ള താരങ്ങളും പുരസ്‌കാര നേട്ടത്തില്‍ തിളങ്ങിയിരുന്നു.
സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ് 2023-24
ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ – രോഹിത് ശര്‍മ.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് – രാഹുല്‍ ദ്രാവിഡ്.
ഒ.ഡി.ഐ ബാറ്റര്‍ ഓഫ് ദി ഇയര്‍ (പുരുഷ വിഭാഗം) – വിരാട് കോഹ്‌ലി.
ടെസ്റ്റ് ബാറ്റര്‍ ഓഫ് ദി ഇയര്‍ (പുരുഷ വിഭാഗം) – യശസ്വി ജെയ്സ്വാള്‍.
ടി-20 ബാറ്റര്‍ ഓഫ് ദി ഇയര്‍ (പുരുഷ വിഭാഗം) – ഫില്‍ സോള്‍ട്ട്.
ഒ.ഡി.ഐ ബൗളര്‍ ഓഫ് ദി ഇയര്‍ (പുരുഷ വിഭാഗം) – മുഹമ്മദ് ഷമി.
ടെസ്റ്റ് ബൗളര്‍ ഓഫ് ദി ഇയര്‍ (പുരുഷ വിഭാഗം) – ആര്‍. അശ്വിന്‍.
ടി-20 ബൗളര്‍ ഓഫ് ദി ഇയര്‍ (പുരുഷ വിഭാഗം)- ടിം സൗത്തി.
ഡൊമസ്റ്റിക് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ – രവിശ്രീനിവാസന്‍ സായ് കിഷോര്‍.
ഇന്ത്യന്‍ ബാറ്റര്‍ ഓഫ് ദി ഇയര്‍ (വനിതകള്‍) – സ്മൃതി മന്ഥാന.
ഇന്ത്യന്‍ ബൗളര്‍ ഓഫ് ദി ഇയര്‍ (വനിതകള്‍) – ദീപ്തി ശര്‍മ.
ഇതിന് പുറമെ ഏറ്റവുമധികം ടി-20ഐ മത്സരത്തില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും ഏറ്റവും വേഗത്തില്‍ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഷെഫാലി വര്‍മക്കും പ്രത്യേക പുരസ്‌കാരങ്ങളും ലഭിച്ചു.
Content highlight: Rahul Dravid about India’s T20 World Cup Victory