ടെസ്റ്റ് ക്രിക്കറ്റിന്റെ തലവരയൊന്നാകെ മാറ്റിമറിച്ചുകൊണ്ടാണ് ബ്രണ്ടന്‍ മക്കെല്ലം ബാസ്‌ബോളുമായി ഇംഗ്ലണ്ടിനൊപ്പം അവതരിച്ചത്. ടെസ്റ്റിന്റെ വിരസമായ ‘മുട്ടിക്കളിയില്‍’ നിന്നും അറ്റാക്കിങ് ക്രിക്കറ്റിലേക്കാണ് മക്കെല്ലം ഇംഗ്ലണ്ടിനെ കൊണ്ടുപോയത്. ഇത് ഇംഗ്ലണ്ട് ടീമിലും ടെസ്റ്റ് ക്രിക്കറ്റിലും ഉണ്ടാക്കിയത് അത്ഭുതാവഹമായ മാറ്റമാണ്.
എന്നാല്‍ തങ്ങള്‍ ഇംഗ്ലണ്ടിനെ പോലെ സ്‌ഫോടനാത്മകമായ ക്രിക്കറ്റ് ടെസ്റ്റ് ഫോര്‍മാറ്റില്‍ പുറത്തെടുക്കില്ല എന്ന് പറയുകയാണ് ഇന്ത്യന്‍ പരിശീലകനും ക്രിക്കറ്റ് ലോകം കണ്ട് ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളുമായ രാഹുല്‍ ദ്രാവിഡ്. സാഹചര്യം ആവശ്യപ്പെടുന്നതെന്തോ അതിനനുസരിച്ച് മാത്രമേ തങ്ങള്‍ ബാറ്റ് വീശൂ എന്നാണ് ദ്രാവിഡ് പറയുന്നത്.
‘മത്സരം പുരോഗമിക്കുമ്പോള്‍ ഉറപ്പായും വഴിത്തിരിവുണ്ടാകും. എന്നാല്‍ അത് എന്താണെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ഞങ്ങള്‍ ഇംഗ്ലണ്ടിനെ പോലെ അള്‍ട്രാ ക്രിക്കറ്റ് രീതി അവലംബിക്കുമെന്ന് തോന്നുന്നില്ല.
ഞങ്ങള്‍ക്ക് മുമ്പിലുള്ളതെന്താണെന്ന് ആദ്യം പരിശോധിക്കും. ശേഷം സാഹചര്യം ആവശ്യപ്പെടുന്നതെന്തോ, ആ രീതിയിലാകും ഞങ്ങള്‍ കളിക്കുന്നത്,’ ദ്രാവിഡ് പറഞ്ഞു.
ആദ്യ മത്സരങ്ങള്‍ക്ക് മുമ്പ് ഇരു ടീമിന്റെയും സ്‌ക്വാഡില്‍ കാര്യമായ അഴിച്ചുപണികള്‍ ആവശ്യമായി വന്നിരുന്നു. സ്റ്റാര്‍ ബാറ്ററും മധ്യനിരയില്‍ സ്‌കോര്‍ ഉയര്‍ത്തുന്നവനുമായ ഹാരി ബ്രൂക്ക് പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.
ഇന്ത്യയിലെ സ്പിന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പന്തെറിയാന്‍ പോന്ന യുവതാരം ഷോയ്ബ് ബഷീറിനും ആദ്യ മത്സരം നഷ്ടപ്പെട്ടിരുന്നു. വിസ പ്രശ്‌നങ്ങള്‍ കാരണമാണ് താരത്തിന് ഹൈദരാബാദ് ടെസ്റ്റ് കളിക്കാന്‍ സാധിക്കാതെ പോയത്.
ഇന്ത്യന്‍ സൂപ്പര്‍ താരവും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിയുടെ സേവനം ഇന്ത്യക്ക് ആദ്യ രണ്ട് മത്സരത്തില്‍ ലഭിക്കില്ല. വ്യക്തിഗത കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് താരം ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
രജത് പാടിദാറാണ് കോഹ് ലിയുടെ പകരക്കാന്‍. പരിചയ സമ്പന്നരായ ചേതേശ്വര്‍ പൂജാരയും അജിന്‍ക്യ രഹാനെയും പുറത്തിരിക്കുമ്പോഴാണ് ഇന്ത്യ പാടിദാറിനെ പകരക്കാരനാക്കിയത് എന്നതില്‍ ആരാധകര്‍ക്കും അതൃപ്തിയുണ്ട്.
അതേസമയം, ഇന്ത്യക്കെതിരെ ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവന്‍ ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ സ്പിന്‍ തന്ത്രങ്ങള്‍ തിരിച്ചുപയറ്റാന്‍ മൂന്ന് പ്യുവര്‍ സ്പിന്നര്‍മാരെയാണ് ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിഹാസ താരം ജിമ്മി ആന്‍ഡേഴ്സണ് ഇടമില്ലാത്ത ആദ്യ ഇലവനിലെ ഏക പേസര്‍ മാര്‍ക് വുഡാണ്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ്, രെഹന്‍ അഹമ്മദ്,ടോം ഹാര്‍ട്‌ലി, ജാക്ക് ലീച്ച്, മാര്‍ക് വുഡ്.
ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശ്വസി ജയ്സ്വാള്‍, രജത് പാടിദാര്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ആവേശ് ഖാന്‍.
Content Highlight: Rahul Dravid about India’s playing style