| Monday, 27th August 2018, 5:43 pm

നിങ്ങള്‍ക്ക് ഇന്ത്യയെ അറിയില്ല, ഇന്ത്യയെ അറിയാത്തവര്‍ക്ക് സംഘിനെയും മനസ്സിലാക്കാന്‍ സാധിക്കില്ല: രാഹുലിനോട് ആര്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്‍.എസ്.എസിനെ മനസ്സിലാക്കാന്‍ ആദ്യം ഇന്ത്യയെ അറിയണമെന്നും, അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധിയ്ക്ക് അതിനാവില്ലെന്നും സംഘ് നേതാക്കളുടെ പ്രതികരണം. കഴിഞ്ഞ ദിവസം ആര്‍.എസ്.എസിനെ മുസ്‌ലിം ബ്രദര്‍ഹുഡുമായി താരതമ്യപ്പെടുത്തിയ രാഹുലിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് ഇന്ത്യയെ അറിയാത്ത രാഹുലിന് തങ്ങളെ മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന് ആര്‍.എസ്.എസ് നേതൃത്വം പറഞ്ഞത്.

അറബ് രാജ്യത്ത് മുസ്‌ലിം ബ്രദര്‍ഹുഡ് കൊണ്ടുവരാന്‍ ശ്രമിക്കുന്ന അതേ ആശയങ്ങളാണ് രാജ്യത്ത് ആര്‍.എസ്.എസ് നടപ്പില്‍ വരുത്താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ലണ്ടനിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റെജിക് സ്റ്റഡീസില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ പ്രകൃതമാകെ മാറ്റാനും, രാജ്യത്തെ സംവിധാനങ്ങളെയെല്ലാം പിടിച്ചെടുക്കാനുമാണ് ആര്‍.എസ്.എസ് ലക്ഷ്യമിടുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആശയങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധിയ്ക്ക് അറിവില്ലെന്നായിരുന്നു ഇതിനോട് ആര്‍.എസ്.എസ് പ്രചാര്‍ പ്രമുഖ് അരുണ്‍കുമാറിന്റെ പ്രതികരണം.

Also Read: ഭാവിയിലെ ഇന്ത്യ; ആര്‍.എസ്.എസ് പരിപാടിയിലേക്ക് രാഹുല്‍ ഗാന്ധിയേയും സീതാറാം യെച്ചൂരിയേയും ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ട്

“ലോകമാകെ ഇന്ന് ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഭീഷണിയിലാണ്. രാഹുലിന് കാര്യങ്ങളറിയില്ല. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാത്തതിനാലാണ് അദ്ദേഹം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്.” അരുണ്‍ കുമാര്‍ പറയുന്നു.

ഇന്ത്യയെ ഇതുവരെ മനസ്സിലാക്കാന്‍ സാധിക്കാത്തയാള്‍ക്ക് ആര്‍.എസ്.എസിനെയും മനസ്സിലാവില്ലെന്നും കുമാര്‍ രാഹുലിനുള്ള മറുപടിയായി കൂട്ടിച്ചേര്‍ത്തു. താന്‍ ഇന്ത്യയെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ മുന്‍പു പറഞ്ഞിരുന്നതിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു കുമാറിന്റെ പ്രതികരണം.

ഇന്ത്യയെക്കുറിച്ചോ, ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യമായ ” വസുധൈവ കുടുംബക”ത്തെക്കുറിച്ചോ രാഹുലിന് അറിവില്ലെന്നും ആര്‍.എസ്.എസ് ആരോപിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more