ന്യൂദല്‍ഹി: അന്തരിച്ച ഡി.എം.കെ മുഖ്യന്‍ കരുണാനിധിക്ക് മറീനാ ബീച്ചില്‍ അന്ത്യവിശ്രമസ്ഥലമൊരുക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ. മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിനോട് സോണിയാ ഗാന്ധി ചെയ്തത് ഓര്‍മവരുന്നുവെന്നായിരുന്നു രാഹുലിന്റെ ട്വിറ്റര്‍ കുറിപ്പിന് മാളവ്യയുടെ പ്രതികരണം.
കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലത്തെക്കുറിച്ചുള്ള തര്‍ക്കം കടുക്കുന്നതിനിടെയാണ് മറ്റു പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ഡി.എം.കെയ്ക്ക് പിന്തുണയുമായി രാഹുലും ഇന്നലെ രംഗത്തെത്തിയത്. ജയലളിതാജിയെപ്പോലെ കലൈഞ്ജറും തമിഴ്‌നാട്ടുകാരുടെ ശബ്ദമാണ്, ആ ശബ്ദം മറീന ബീച്ചില്‍ ഒരിടം അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു രാഹുലിന്റെ ട്വിറ്റര്‍ കുറിപ്പ്. കനത്ത ദുഃഖത്തിന്റെ ഈ സമയത്ത് തമിഴ്‌നാട്ടിലെ നേതാക്കളെല്ലാം മഹാമനസ്‌കത കാണിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചിരുന്നു.
ഇതിനെത്തുടര്‍ന്നാണ് മറുപടിക്കുറിപ്പുമായി മാളവ്യ രംഗത്തെത്തിയത്. ജനങ്ങള്‍ ദുഃഖിതരായിരിക്കുമ്പോള്‍ നോതാക്കള്‍ വികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത് നിരുത്തരവാദിത്തപരമായ സമീപനമാണെന്നും നരസിംഹറാവുവിന്റെ ഭൗതികശരീരം ദല്‍ഹിയില്‍ ആചാരപ്രകാരം സംസ്‌കരിക്കാനോ എ.ഐ.സി.സിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കാനോ അനുവദിക്കാത്ത സോണിയാ ഗാന്ധിയുടെ “മഹാമനസ്‌കത”യാണ് തനിക്കിപ്പോള്‍ ഓര്‍മവരുന്നതെന്നുമായിരുന്നു മാളവ്യയുടെ വിമര്‍ശനം.
രാജീവ് ഗാന്ധി വധക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് റാവുവും സോണിയയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നതായി പല മുതിര്‍ന്ന നേതാക്കളുടെയും ഓര്‍മക്കുറിപ്പുകളില്‍ പറയുന്നുണ്ട്. കേസില്‍ അന്വേഷണം നടക്കുന്നത് അലസമായ രീതിയിലാണെന്നു കാണിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെത്തന്നെ സോണിയ അക്കാലത്ത് മുന്നോട്ടു വന്നിരുന്നു. നരസിംഹ റാവുവിനുള്ള പരസ്യ വിമര്‍ശനമായാണ് ഇത് പൊതുവെ വിശകലനം ചെയ്യപ്പെട്ടിരുന്നത്.
Also Read: കരുണാനിധിയെ സംസ്‌ക്കരിക്കാന്‍ മറീനാബീച്ച് വിട്ടുകൊടുക്കരുത്: ആര്‍.എസ്.എസ്
കോണ്‍ഗ്രസിലെ നെഹ്‌റു-ഗാന്ധി കുടുംബ തേര്‍വാഴ്ചയില്‍ റാവുവും അസ്വസ്ഥനായിരുന്നു. മരണശേഷം റാവുവിന്റെ ഭൗതികശരീരം എ.ഐ.സി.സി. ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കാനും അനുവദിച്ചിരുന്നില്ല. “അദ്ദേഹത്തിന്റെ ശരീരം എ.ഐ.സി.സി വളപ്പില്‍ പോലും കയറ്റാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്തെല്ലാം അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ടെങ്കിലും, അദ്ദേഹം പ്രധാനമന്ത്രിപദത്തിലിരുന്ന ഒരു വ്യക്തിയായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റും മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായിട്ടുള്ളയാളായിരുന്നു. മരിച്ചു കഴിഞ്ഞ ഒരു വ്യക്തിയോട് അങ്ങിനെയല്ല പെരുമാറേണ്ടിയിരുന്നത്.” മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയുടെ പുസ്തകത്തില്‍ പറയുന്നു.
തൃണമൂല്‍ നേതാവ് മമത ബാനര്‍ജി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, രജനീകാന്ത് എന്നിവരടക്കം ധാരാളം നേതാക്കളും രാഹുലിനൊപ്പം ഡി.എം.കെയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്. തീരദേശസംരക്ഷണനിയമത്തിന്റെ കീഴില്‍ വരുന്ന സ്ഥലമാണെന്ന അവകാശവാദമുന്നയിച്ചാണ് സര്‍ക്കാര്‍ ഡി.എം.കെയുടെ ആവശ്യത്തെ എതിര്‍ക്കുന്നത്. കരുണാനിധിയെ മറീനയില്‍ അടക്കരുതെന്ന വാദവുമായി ബി.ജെ.പി നേതാക്കളും മുന്നോട്ടു വന്നിട്ടുണ്ട്.