ന്യൂദല്‍ഹി: ഇന്ത്യയെക്കുറിച്ച് കോണ്‍ഗ്രസിനുണ്ടായ കാഴ്ചപ്പാട് നഷ്ടപെട്ടു എന്നതിന്റെ തെളിവാണ് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എ ബേബി. ഇന്ത്യ ഒന്നാണെന്ന സന്ദേശമാണ് വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി നല്കാന് ഉദ്ദേശിക്കുന്നതെങ്കില്‍, അദ്ദേഹം കൂടുതല്‍ അപരവത്കരിക്കപ്പെട്ട വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നോ, ജമ്മു കശ്മീരില്‍ നിന്നോ മത്സരിക്കണമായിരുന്നെന്നും ബേബി അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ കേരളത്തില്‍ കോണ്‍ഗ്രസ് തരംഗം ഉണ്ടാവുമെന്ന വാദവും അദ്ദേഹം തള്ളിക്കളഞ്ഞു. ‘അത്തരം ഒരു തരംഗം സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനായിരുന്നെങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നമ്മള് അത് കാണേണ്ടതായിരുന്നു. 2014ല്‍ രാഹുല്‍ ഗാന്ധി അമേഠിയിലും, സോണിയാ ഗാന്ധി റായ് ബറേലിയിലും മത്സരിച്ചു. എന്നിട്ട് ഉത്തര്‍പ്രദേശില്‍ നമ്മള് എന്തെങ്കിലും തരത്തിലുള്ള തരംഗം കണ്ടോ. രാഹുല്‍ ഗാന്ധിക്ക് കേരളത്തില്‍ എങ്ങനെയാണ് തരംഗം സൃഷ്ടിക്കാന്‍ കഴിയുക?’- ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ ബേബി പറയുന്നു.
സാമ്പത്തിക നയങ്ങള്‍ അടക്കം മോദി സര്‍ക്കാറും കോണ്‍ഗ്രസും തമ്മില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഒന്നുമില്ലെന്നും എം.എ ബേബി ചൂണ്ടിക്കാട്ടുന്നു. ‘തിരുവനന്തപുരം വിമാനത്താവളം പൂര്‍ണമായും സ്വകാര്യകമ്പനിക്ക് കൈമാറാനായിരുന്നു നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനം. പിണറായി സര്‍ക്കാറിന്റെ ആവശ്യം അത് സഹകരണ സംരഭമായി മുന്നോട്ടു കൊണ്ടു പോകണമെന്നായിരുന്നു. എന്നാല്‍ ശശി തരൂറും മോദിയും സ്വകാര്യവത്കരണത്തിന് വേണ്ടി നില കൊണ്ടു. പെട്രോള്‍ വില വര്‍ധനവിന്റെ കാര്യം എടുത്തു നോക്കുക. വില നിര്‍ണയിക്കാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കാനുള്ള തീരുമാനം മന്മോഹന് സര്‍ക്കാറിന്റേതായിരുന്നു. ബി.ജെ.പിയും അത് തുടരുകയായിരുന്നു’- എം.എ. ബേബി പറയുന്നു.
2004ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ടായിരുന്നെന്നും, എന്നാല്‍ സി.പി.ഐ.എം കോണ്‍ഗ്രസിന് പിന്തുണ നല്കാന് തീരുമാനിച്ചതോടെയാണ് അതില്ലാതായതെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ സര്‍ക്കാറിന്റെ ഭാഗമായ ഇടതുപക്ഷത്തിന്റെ കൃത്യമായ ഇടപെടലുകള്‍ കൊണ്ടാണ് യു.പി.എ സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി നടപ്പില്‍ വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്തിലും ഉപരി ഇടതുപക്ഷ എം.പിമാരെ അമിത് ഷായ്ക്ക് പണം നല്കി സ്വാധീനിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കേന്ദ്രത്തില്‍ ബി.ജെ.പി ഇതരം സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ പരിശ്രമിക്കുന്നതെന്നും, അന്ധമായ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് അതിനാല്‍ ഇടതുപക്ഷം വെച്ചു പുലര്‍ത്തില്ലെന്നും എം.എ ബേബി കൂട്ടിച്ചേര്‍ത്തു.