| Saturday, 21st July 2018, 12:01 pm

മോദിയുടെ പ്രസംഗം ദുര്‍ബലമെന്ന് രാഹുല്‍; പഴയ കസര്‍ത്ത് തന്നെയെന്ന് സോണിയയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അവിശ്വാസ പ്രമേയത്തിന്‍മേല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ നടത്തിയ പ്രസംഗം ദുര്‍ബലമായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മോദിയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു നിലപാട് വ്യക്തമാക്കി രാഹുല്‍ എത്തിയത്. മോദിയുടെ പ്രസംഗത്തില്‍ പ്രതീക്ഷയ്ക്ക് വകയുള്ള ഒന്നും ഉണ്ടായിരുന്നില്ലെന്നും തികച്ചും ദുര്‍ബലമായ ഒരു പ്രസംഗമായിരുന്നു അദ്ദേഹത്തിന്റേതെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.

മോദിയുടെ പ്രസംഗത്തില്‍ പുതുമ ഒന്നും ഉണ്ടായിരുന്നില്ലെന്നും പഴയ കസര്‍ത്ത് തന്നെ ആവര്‍ത്തിക്കുകയായിരുന്നുവെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ പ്രതികരണം.

അതേസമയം സഭയില്‍ രാഹുലിനെതിരെ ശക്തമായ വിമര്‍ശനവുമായാണ് മോദി പ്രസംഗം തുടങ്ങിയത്. തന്നെ ആലിംഗനം ചെയ്ത രാഹുലിന്റെ നടപടിയേയും മോദി വിമര്‍ശിച്ചിരുന്നു.


മികച്ച നാടകം, അതിലും മികച്ച അഭിനയം; മോദി ലോകം കണ്ട ഏറ്റവും മികച്ച അഭിനേതാവെന്ന് ടി.ഡി.പി എം.എല്‍.എ


“രാഹുല്‍ ഗാന്ധി എന്റെയടുത്തുവന്നതും ആലിംഗനം ചെയ്തതും എന്നെ അമ്പരപ്പിച്ചു. എന്തിനാണിത്ര ധൃതി? ജനാധിപത്യത്തിലെ പൗരന്മാരെ വിശ്വാസത്തിലെടുക്കൂ. ചിലര്‍ ട്രഷറി ബെഞ്ചിലേക്ക് ഓടിവരുകയാണ്. എന്തിനാണ് നിങ്ങള്‍ ധൃതി കൂട്ടുന്നത്?” എന്നായിരുന്നു മോദി പരിഹാസത്തോടെ ചോദിച്ചത്.

മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് കള്ളത്തരമുള്ളതുകൊണ്ടാണെന്ന രാഹുലിന്റെ പരാമര്‍ശത്തിന് മോദി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. “പാവപ്പെട്ട കുടുംബത്തിലാണ് താന്‍ ജനിച്ചത്. എങ്ങനെയാണ് നിങ്ങളുടെ കണ്ണില്‍ നോക്കി സംസാരിക്കാനാവുക? കണ്ണുകളെ കുറിച്ചു പറയുകയാണെങ്കില്‍ കണ്ണുകൊണ്ടുള്ള കുറെ കളികള്‍ രാജ്യമാകെ ഇന്നു കണ്ടതാണ്”- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


Follow Up-പിന്തുണ തേടി അമിത് ഷാ വിളിച്ചത് നിരവധി തവണ; ഒരു കോള്‍ പോലും അറ്റന്‍ഡ് ചെയ്തിട്ടില്ലെന്ന് ശിവസേന


എത്ര വേണമെങ്കിലും തന്നെ അധിക്ഷേപിച്ചോളൂവെന്നും പക്ഷേ രാജ്യത്തെ സൈനികരെ ഇങ്ങനെ അപമാനിക്കുന്നത് നിര്‍ത്തണമെന്നും നമ്മുടെ സൈന്യത്തെ അധിക്ഷേപിക്കുന്നത് എനിക്കു സഹിക്കാനാകില്ലെന്നും മോദി സഭയിലും ആവര്‍ത്തിച്ചു.

മാത്രമല്ല 125 കോടി ജനങ്ങളുടെ അനുഗ്രഹവുമുണ്ടെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു. “എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം” എന്നതാണു സര്‍ക്കാരിന്റെ മുദ്രാവാക്യം. വോട്ടുബാങ്കിനെക്കുറിച്ച് ആശങ്കയില്ലാതെയാണ് കഴിഞ്ഞ നാലുവര്‍ഷവും പ്രവര്‍ത്തിച്ചതെന്നും മോദി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more