ന്യൂദല്‍ഹി: 2018-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടിയ വയനാട് സ്വദേശിനിയായ ആദിവാസി പെണ്‍കുട്ടി ശ്രീധന്യ സുരേഷിന് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. ശ്രീധന്യയുടെ കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് അവരുടെ സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍ സഹായിച്ചതെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
തെരഞ്ഞെടുക്കുന്ന കരിയറില്‍ എല്ലാവിധ വിജയവും ശ്രീധന്യക്കും കുടുംബത്തിനും നേരുന്നതായും രാഹുല്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഫോണില്‍ വിളിച്ച് ശ്രീധന്യയെ അഭിനന്ദിച്ചിരുന്നു. സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതിയാണു ശ്രീധന്യ വിജയം നേടിയതെന്നും മറ്റു കുട്ടികള്‍ക്ക് ഇവരുടെ വിജയം പ്രചോദനമാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
തന്റെ നേട്ടം ആദിവാസി വിഭാഗത്തില്‍പ്പെട്ട ഏറെ കുട്ടികള്‍ക്കു പ്രചോദനമായേക്കുമെന്നതിനാലാണ് ഏറ്റവും വലിയ സന്തോഷമെന്നു ശ്രീധന്യ പ്രതികരിച്ചു. ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്താണ് ഇവിടെ വരെയെത്തിയതെന്നും ശ്രീധന്യ പറഞ്ഞു.
വയനാട് പൊഴുതന സ്വദേശിനിയാണു ശ്രീധന്യ.