യു.ഡി.എഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയ്ക്ക് അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി; നന്ദി പറഞ്ഞ് മുഖ്യമന്ത്രിയും
Kerala News
യു.ഡി.എഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയ്ക്ക് അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി; നന്ദി പറഞ്ഞ് മുഖ്യമന്ത്രിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd January 2020, 8:53 am

തിരുവനന്തപുരം: യു.ഡി.എഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് സഭയെന്ന് രാഹുല്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു. രാഹുലിനു നന്ദി അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

പ്രവാസി സമൂഹവുമായി ബന്ധപ്പെടാനും അവരെ അംഗീകരിക്കാനുമുള്ള ഏറ്റവും മികച്ച വേദിയാണ് ലോക കേരള സഭയെന്ന് രാഹുലിന്റെ കത്തില്‍ പറയുന്നു. പല രാജ്യങ്ങളിലും രാഷ്ട്ര നിര്‍മാണ പ്രക്രിയകളില്‍ മലയാളികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ലോക കേരള സഭ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷം നേരത്തേ അറിയിച്ചിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ ഇതിന്റെ ഭാഗമായി ആരും പങ്കെടുത്തിരുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടര്‍ന്ന് ലോക കേരള സഭയില്‍ നിന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് എം.എല്‍.എമാരും നേരത്തേ രാജിവെച്ചിരുന്നു.

ഇന്നും നാളെയുമായുള്ള സമ്മേളനങ്ങളിലും യു.ഡി.എഫ് അംഗങ്ങള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

ഒന്നാം ലോക കേരള സഭയിലെ തീരുമാനങ്ങളില്‍ ഒരെണ്ണം പോലും നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും സഭയ്ക്കായി സെക്രട്ടേറിയറ്റ് രൂപീകരിച്ചതും നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാള്‍ പൊളിച്ച് 16.5 കോടി രൂപ ചെലവാക്കി പുനര്‍നിര്‍മിച്ചതുമാണ് ആകെ നടന്ന കാര്യങ്ങളെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ സാഹചര്യത്തിലാണ് വയനാട് എം.പിയും കോണ്‍ഗ്രസിന്റെ ഏറ്റവും പ്രമുഖനായ ദേശീയ നേതാവുമായ രാഹുല്‍ സഭയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.