| Sunday, 3rd November 2024, 1:56 pm

ഇനി 'കൈ' തരില്ല; മുഖാമുഖം കണ്ടിട്ടും സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് വീണ്ടും രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. മണ്ഡലത്തിലെ ഒരു കല്യാണ വീട്ടില്‍ മുഖാമുഖം കണ്ടിട്ടും ഇടത് സ്ഥാനാര്‍ത്ഥിയായ പി. സരിനെ അവഗണിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും മുന്‍ എം.എല്‍.എ ഷാഫി പറമ്പിലിന്റെയും വീഡിയോയാണ് പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

പുറത്ത് വന്നിരിക്കുന്ന വീഡിയോയില്‍ വിവാഹവീട്ടില്‍ വോട്ട് തേടിയെത്തിയ ഇരു വിഭാഗം നേതാക്കളും കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിനോട് സൗഹൃദം പങ്കിടുന്നത് കാണാം.

ഇതിനിടയില്‍ സരിന്‍, ഷാഫി പറമ്പിലിന്റെ തോളില്‍ തട്ടി സംസാരിക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ ഷാഫി പറമ്പില്‍ സരിനെ ശ്രദ്ധിക്കാതെ പോകുന്നതും വീഡിയോയില്‍ ഉണ്ട്.

തുടര്‍ന്ന് സരിന്‍ രാഹുലിനെയും ഷാഫി പറമ്പിലിന്റെയും പേരുകള്‍ മാറി മാറി വിളിച്ച് ഹസ്തദാനത്തിനായി കൈ നീട്ടുന്നുണ്ടെങ്കിലും ഇരുവരും ഇത് അവഗണിക്കുകയായിരുന്നു.

തുടര്‍ന്ന് തനിക്ക് കുഴപ്പമില്ലെന്ന് സരിന്‍ പറയുന്നതും മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡിയോയിലുണ്ട്.

സംഭവത്തിന് പിന്നാലെ എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നാണ് സരിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ഗോപിയേട്ടനും ഞാനും തൊട്ടടുത്ത് നില്‍ക്കുകയായിരുന്നു. അദ്ദേഹത്തെ അവര്‍ ഓടി വന്ന് കെട്ടിപ്പിടിച്ചു. അപ്പോ എനിക്കെന്തോ പോലെ തോന്നി. ഞാനും ഗോപിയേട്ടനും ഒരേ കാര്യമല്ലേ ചെയ്തത് എന്ന് ഞാന്‍ ആലോചിച്ചു പോയി. അപ്പോള്‍ ഞാന്‍ ഷാഫിയോട് ഷാഫി ഞാന്‍ ഇവിടെ ഉണ്ടെന്ന് പറഞ്ഞു. എന്നാല്‍ കണ്ടിട്ടില്ല എന്നാണ് ഷാഫി പറഞ്ഞത്. എന്തായാലും ജനങ്ങള്‍ ഇത് കണ്ടല്ലോ. ഞാനും ഞാനുമെന്റാളും എന്ന് പറഞ്ഞ് നടക്കുന്ന ഈ രണ്ട് ആള്‍ക്കാരെ പാലക്കാട്ടെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കും,’ സരിന്‍ പറഞ്ഞു.

അതേസമയം സരിന് കൈ കൊടുക്കാന്‍ പ്രയാസമുണ്ടെന്നാണ് ഈ വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്. തനിക്ക് കപടമുഖമില്ല ചാനലുകള്‍ക്ക് മുന്നില്‍ അഭ്യാസം കാണിക്കാന്‍ പ്രയാസമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Content Highlight: Rahul and Shafi did not shake hands with Sarin despite meeting face to face

We use cookies to give you the best possible experience. Learn more