| Thursday, 4th April 2019, 8:07 am

സുരക്ഷ ഭീഷണി; രാഹുലിന്റെ റോഡ് ഷോ വെട്ടിച്ചുരുക്കിയേക്കും: ഡി.സി.സി ഓഫീസിലെ യോഗം റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പത്രികാ സമര്‍പ്പണത്തിനായി കേരളത്തിലെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ വെട്ടിച്ചുരുക്കിയേക്കും. സുരക്ഷാ ഭീഷണികളെ തുടര്‍ന്നാണ് തീരുമാനം. വൈത്തിരി വെടിവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍.

കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കഴിയുന്ന രാഹുല്‍ഗാന്ധി ഒമ്പത് മണിയോടെ വയനാട്ടിലേക്ക് തിരിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗമാകും കല്‍പറ്റയിലേക്ക് പോകുക. പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്. തുടര്‍ന്നാണ് റോഡ് ഷോ.

Read Also : നഗരത്തില്‍ ഭൂമി ഇടപാടിന് കോടികളുടെ കോഴ ആവശ്യപ്പെട്ടു; ടി.വി9ന്റെ ഒളിക്യാമറയില്‍ കുടുങ്ങി എം.കെ രാഘവന്‍

റോഡ് ഷോ 200 മീറ്ററാക്കി ചുരുക്കിയേക്കുമെന്നാണ് സൂചന. നേരത്തെ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. റോഡ് ഷോ, ഹെലികോപ്ടര്‍ ഗ്രൗണ്ടില്‍ നിന്ന് തന്നെ ആരംഭിക്കാനാണ് നിലവിലെ തീരുമാനം.

കൂടാതെ ഡി.സി.സി ഓഫീസില്‍ നടത്താനിരുന്ന യോഗവും റദ്ദാക്കിയിട്ടുണ്ട്. റോഡ് ഷോ നീട്ടുന്നതിനുള്ള അനുമതി സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കിയാല്‍ രാഹുലും പ്രിയങ്കയും ബസ് സ്റ്റാന്‍ഡിനു മുമ്പിലെ വേദിയില്‍ ജനങ്ങളോട് സംസാരിച്ചേക്കും. ആയിരത്തിലധികം പൊലീസും തണ്ടര്‍ബോള്‍ട്ടും എസ്.പി.ജിയുമാണ് സുരക്ഷ ഒരുക്കാനായി വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്നത്.

പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. ഇന്നലെ രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ രാഹുല്‍ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു.

അതേസമയം വി.വി.ഐ.പി സന്ദര്‍ശനം കണക്കിലെടുത്ത് വിമാനത്താവളത്തിലും കരിപ്പൂര്‍-കോഴിക്കോട് പാതയിലും കനത്ത സുരക്ഷയാണ് പൊലീസും എസ് പി ജി ഉദ്യോഗസ്ഥരും ഒരുക്കിയത്. വയനാട്ടിലെ വനമേഖലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തണ്ടര്‍ ബോള്‍ട്ടും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തെരച്ചില്‍ നടത്തി വരികയായിരുന്നു. കര്‍ണാടക-തമിഴ്‌നാട് ഭാഗങ്ങളില്‍ അവിടുത്തെ സേനകളും തെരച്ചില്‍ നടത്തുന്നുണ്ട്.

We use cookies to give you the best possible experience. Learn more