ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നമ്പര്‍ വണ്‍ അഴിമതിക്കാരനെന്നു വിളിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും. മോദിക്കു മോദിയെക്കുറിച്ചു തോന്നുന്ന കാര്യം തന്റെ അച്ഛന്റെ മേല്‍ ചാരുന്നതുകൊണ്ടു മോദിക്കു രക്ഷപ്പെടാനാവില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.
‘നിങ്ങളുടെ യുദ്ധം അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ കര്‍മഫലം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ക്കു നിങ്ങളെക്കുറിച്ചു തോന്നുന്ന കാര്യം എന്റെ അച്ഛന്റെ മേല്‍ ചാരുന്നതുകൊണ്ടു നിങ്ങള്‍ക്കു രക്ഷപ്പെടാനാവില്ല.’- രാഹുല്‍ ട്വീറ്റ് ചെയ്തു. മോദിക്ക് സ്‌നേഹവും ആശ്ലേഷവും നല്‍കുന്നുവെന്നു പറഞ്ഞാണ് ട്വീറ്റ് അവസാനിക്കുന്നത്.
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ മോദി അപമാനിച്ചെന്നു പ്രിയങ്ക ആരോപിച്ചു. വഞ്ചകര്‍ക്കു രാജ്യം മാപ്പുനല്‍കില്ലെന്നും മോദിക്ക് അമേഠി മറുപടി നല്‍കുമെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
ഉത്തര്‍പ്രദേശിലെ പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാജീവ് ഗാന്ധി മരിക്കും വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു എന്ന് പറഞ്ഞത്.
‘നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ ആക്കി കാണിക്കുന്നത് അദ്ദേഹത്തിന്റെ സേവകരാണ്. സത്യത്തില്‍ അദ്ദേഹം അവസാനം വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു.’ എന്നാണ് മോദി രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് പ്രസംഗിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രാഹുല്‍ ഗാന്ധി റാഫേല്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് മോദിയെ ചൊടിപ്പിച്ചത്. തന്റെ ഇമേജ് തകര്‍ക്കാനായിരുന്നു രാഹുല്‍ ഗാന്ധി റാഫേലിനെ കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്തതെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.
എന്റെ പ്രതിച്ഛായ തകര്‍ത്ത് എന്നെ ചെറുതാക്കി കാണിച്ച് കൊണ്ട് ദുര്‍ബ്ബല സര്‍ക്കാര്‍ ഉണ്ടാക്കുവാനാണ് ഇവരുടെ ലക്ഷ്യമെന്നും മോദ് പറഞ്ഞു. ബൊഫോഴിസിനെ കുറിച്ച് പരാമര്‍ശിച്ച് മോദി താന്‍ രാഹുലിനെ പോലെ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചവനല്ല എന്നും പറഞ്ഞു.
ബൊഫോഴ്സ് തോക്കുകള്‍ വാങ്ങുന്നതിനായി സ്വീഡിഷ് കമ്പനിയില്‍ നിന്നും രാജീവ് ഗാന്ധി കമ്മീഷന്‍ കൈപ്പറ്റിയെന്നായിരുന്നു ബോഫോര്‍സ് കേസ് കേസ്. എന്നാല്‍ ആരോപണത്തില്‍ രാജീവ് അഴിമതി നടത്തിയതിന് തെളിവില്ലെന്ന് കണ്ടെത്തുകയായിരുന്നു. 1991 ലെ തിരഞ്ഞെടുപ്പ് വേളയില്‍ തമിഴ്നാട്ടില്‍ നടന്ന സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.