തടയാന്‍ യോഗിയുടെ പൊലീസിനും കഴിഞ്ഞില്ല; ഹാത്രാസ് പെണ്‍കുട്ടിയുടെ വീട്ടില്‍ രാഹുലും പ്രിയങ്കയുമെത്തി
national news
തടയാന്‍ യോഗിയുടെ പൊലീസിനും കഴിഞ്ഞില്ല; ഹാത്രാസ് പെണ്‍കുട്ടിയുടെ വീട്ടില്‍ രാഹുലും പ്രിയങ്കയുമെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd October 2020, 7:37 pm

ബൂള്‍ഗാരി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തി.

രാഹുലിന്റെയും കോണ്‍ഗ്രസ് എം.പിമാരുടെയും യാത്ര തടയുന്നതിനായി പൊലീസിനേയും അര്‍ധസൈന്യത്തേയും വിന്യസിച്ചിരുന്നെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് ഇരുവരുമടക്കം അഞ്ച് പേരെ ഹാത്രാസിലേക്ക് പോകാന്‍ യു.പി പൊലീസ് സമ്മതിക്കുകയായിരുന്നു.

 തുടക്കത്തില്‍ നേതാക്കളെ പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ പിന്നോട്ടില്ലെന്ന് രാഹുലും പ്രിയങ്കയും അറിയിച്ചതിന് പിന്നാലെ യു.പി പൊലീസ് അയയുകയായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാന്‍ നോയിഡ ടോള്‍ ഗേറ്റില്‍ 700ലേറെ പൊലീസുകാരെയായിരുന്നു നിയോഗിച്ചിരുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസിന്റെ 30 ലേറെ എം.പിമാരും നേതാക്കന്‍മാരുമാണ് ഹാത്രാസിലേക്ക് പുറപ്പെട്ടത്.

അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ നിരോധനാജ്ഞ ലംഘിച്ചിട്ടുണ്ടെന്നും നിയമലംഘനം നടക്കാതിരിക്കാനാണ് പൊലീസിനെ നിയോഗിച്ചിരിക്കുന്നതെന്നുമാണ് നോയിഡ എ.ഡി.സി.പി രണ്‍വിജയ് സിങ് പറഞ്ഞത്.

പോകുന്ന വഴിക്കെല്ലാം അണികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചിരുന്നു. യാത്രയില്‍ നിന്നും പിന്നോട്ടില്ലെന്നും കുടുംബത്തെ കണ്ടിട്ടേ മടങ്ങുള്ളൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്.

ഹാത്രാസിലെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും കുടുംബത്തെ കണ്ടിരിക്കുമെന്നും രാഹുല്‍ പറഞ്ഞിട്ടുണ്ട്. ഹാത്രാസിലെ പെണ്‍കുട്ടിയോടും കുടുംബത്തോടും യു.പി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനും ഇത് സഹിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rahul and priyanka arrive at  hathras