| Monday, 7th August 2023, 1:39 pm

രാഹുലിന് തുഗ്ലക് ലെയ്‌നും തിരിച്ച് കിട്ടുന്നു; ഔദ്യോഗിക വസതിയില്‍ താമസിക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനസ്ഥാപിക്കപ്പെട്ടതോടെ എം.പിയെന്ന നിലയില്‍ അനുവദിക്കപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വസതി തിരിച്ച് പിടിക്കാന്‍ സാധിക്കും. 2005 മുതല്‍ അദ്ദേഹം താമസിക്കുന്ന ഔദ്യോഗിക വസതിയായ തുഗ്ലക് ലെയ്ന്‍ രാഹുലിന് തിരിച്ച് ലഭിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സൂറത്ത് കോടതിയില്‍ നിന്നും രണ്ട് വര്‍ഷത്തെ പരമാവധി ശിക്ഷ ലഭിച്ചതോടെ എം.പി സ്ഥാനം നഷ്ടപ്പെട്ട അദ്ദേഹം ഒരു മാസത്തിന് ശേഷം ഏപ്രില്‍ 22നായിരുന്നു തുഗ്ലക് ലെയ്ന്‍ ഒഴിഞ്ഞു കൊടുത്തത്. എം.പിമാര്‍ക്ക് രണ്ട് വര്‍ഷമോ അതിന് മുകളിലോ വരുന്ന ശിക്ഷ കാരണം സ്വയമേവ അവരുടെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്നും അയോഗ്യരാകും. അയോഗ്യരായാല്‍ അവരുടെ ഔദ്യോഗിക വസതിയില്‍ പരമാവധി ഒരു മാസം മാത്രമേ താമസിക്കാന്‍ സാധിക്കുകയുള്ളു.

അതേസമയം ഈ രാജ്യം രാഹുല്‍ ഗാന്ധിയുടെ വീടാണെന്ന് വസതിയില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞു പോയതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടി ട്വീറ്റ് ചെയ്തിരുന്നു.

‘ഈ രാജ്യം രാഹുല്‍ ഗാന്ധിയുടെ വീടാണ്. രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തില്‍ താമസിക്കുന്ന വ്യക്തിയാണ് അദ്ദേഹം. രാഹുലും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം ഒരിക്കലും ഇല്ലാതാകില്ല.

ചിലര്‍ അദ്ദേഹത്തെ മകനായും, സഹോദരനായും നേതാവായും കണക്കാക്കുന്നു. രാഹുല്‍ എല്ലാവരുടെയുമാണ്. എല്ലാവരും രാഹുലിന്റെതുമാണ്. അതുകൊണ്ടാണ് എന്റെ വീട് നിങ്ങളുടേതും കൂടിയാണെന്ന് ജനങ്ങള്‍ പറയുന്നത്,’ എന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.

രാഹുല്‍ ഗാന്ധിയുടെ എം.പി. സ്ഥാനം പുനസ്ഥാപിക്കുന്ന ഉത്തരവ് ലോക്‌സഭ സെക്രട്ടറിയേറ്റ് തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്. മോദി പരാമര്‍ശത്തെ തുടര്‍ന്ന് എം.പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കുന്നുവെന്ന ആദ്യത്തെ ഉത്തരവ്, ഇന്ന് ഇറക്കിയ വിജ്ഞാപനത്തിലൂടെ പിന്‍വലിക്കപ്പെടുകയാണ്.

വിചാരണ കോടതിയുടെ പരമാവധി ശിക്ഷക്ക് സുപ്രീം കോടതി വെള്ളിയാഴ്ച സ്റ്റേ അനുവദിച്ചതിന് പിന്നാലെയാണ് എം.പി സ്ഥാനം തിരിച്ച് കിട്ടിയിരിക്കുന്നത്.

2019ല്‍ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. വിധി വന്ന പിറ്റേന്ന് തന്നെ (മാര്‍ച്ച് 24) രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്ന ഉത്തരവ് ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കി.

എന്നാല്‍ ഇന്നത്തെ വിജ്ഞാപനത്തിലൂടെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് ഒരു ദിവസം മുമ്പ് തന്നെ രാഹുല്‍ ഗാന്ധിക്ക് സഭയിലേക്ക് പ്രവേശിക്കാം.

അതേസമയം എം.പി സ്ഥാനം പുനസ്ഥാപിക്കപ്പെട്ടതിന് ശേഷം സത്യത്തിന്റെ വിജയമാണിതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

‘ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം പുനസ്ഥാപിക്കപ്പെട്ടു. ഇത് സത്യത്തിന്റെയും രാജ്യത്തെ ജനങ്ങളുടെയും വിജയമാണ്. സന്തോഷത്തിന്റെ നിമിഷമാണിത്,’ കോണ്‍ഗ്രസ് പറഞ്ഞു.

പാര്‍ലമെന്റിലെ പ്രതിപക്ഷ അംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മധുരം നല്‍കുന്ന വീഡിയോയും കോണ്‍ഗ്രസ് പങ്കുവെച്ചു.

content highlights: Rahul also gets Tughlaq Lane back; Stay at home

We use cookies to give you the best possible experience. Learn more