ന്യൂദല്‍ഹി: സംഘപരിവാര്‍ പ്രത്യയശാസ്ത്രം പിന്‍പറ്റുന്നവരെയാണ് കേന്ദ്ര സര്‍വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരായി നിയോഗിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. ഇവര്‍ വിശാല കാഴ്ചപ്പാട് ഇല്ലാത്തവരാണെന്നും, കുട്ടികളുടെ വികാരം മാനിക്കാത്തവരാണെന്നും രാഹുല്‍ പറഞ്ഞു. ദല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയിരുന്നു രാഹുല്‍.
“ഈ കാലത്ത് വൈസ് ചാന്‍സിലര്‍മാര്‍ ഒരേയൊരു സംഘടനയുടെ പ്രത്യയശാസ്ത്രം പിന്‍പറ്റുന്നവരാണ്. സാര്‍വലൗകിക കാഴ്ചപ്പാടില്ലാത്ത അവര്‍ വിദ്യാര്‍ത്ഥികളുടെ വികാരം മാനിക്കാത്തവരാണ്. അവരുടെ ചിന്ത സ്വന്തം പ്രത്യയശാസ്ത്രത്തെക്കുറിച്ച് മാത്രമാണ്. അവര്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തെ ഒരു ആയുധമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. അത് വിദ്യാര്‍ത്ഥികള്‍ക്ക് അപമാനമാണ്”- രാഹുല്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
വിദ്യാഭ്യാസ ബജറ്റിലേക്ക് കൂടുതല്‍ നിക്ഷേപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും മോദിസര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഒരു കേന്ദ്ര സര്‍വകലാശാല മാത്രമാണ് പുതുതായി ആരംഭിച്ചതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. യു.പി.എ ഭരണകാലത്ത് 20-24 സര്‍വകലാശാലകള്‍ ആരംഭിച്ചിരുന്നതായും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.
വ്യവസായികളുടെ കടങ്ങള്‍ എഴുതി തള്ളാന്‍ ഉത്സാഹിക്കുന്ന മോദി കര്‍ഷകരുടെയും വിദ്യാര്‍ത്ഥികളുടേയും വായ്പയുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ അരക്ഷിതാവസ്ഥ പൊട്ടിപ്പുറപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ സംഘപരിവാര്‍ ചായ്‌വുള്ള വൈസ് ചാന്‍സിലര്‍മാരെ സര്‍വകലാശാലയില്‍ നിയോഗിക്കുന്നുവെന്ന് ആരോപണം ഉര്‍ന്നിരുന്നു.
ജെ.എന്‍.യുവില്‍ കനയ്യ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് തുടങ്ങിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് മോദിയുടെ ഭരണകാലത്തായിരുന്നു. കാസര്‍ഗോഡ് പെരിയയിലെ കേന്ദ്ര സര്‍വകലാശാലയില്‍ അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതും ഈ കാലയളവിലായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കരുതെന്ന് ഉത്തരവിട്ടു കൊണ്ട് തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കിയ സംഭവവും സര്‍വകലാശാലയിലെ സംഘപരിവാര്‍ ഇടപെടലായിട്ടായിരുന്നു വിലയിരുത്തപ്പെട്ടത്.