പാലക്കാട്: എം.എല്‍.എ ഉമ തോമസിന് ഗുരുതമായി പരിക്കേറ്റതിനെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളില്‍ വിമര്‍ശനവുമായി എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.
പ്രതികരണങ്ങളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ എം.എല്‍.എ വിമർശനം ഉയർത്തുകയായിരുന്നു.
ഗുരുതരമായി പരുക്ക് പറ്റിയ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള വാര്‍ത്തയുടെ പ്രതികരണമാണിതെന്ന കുറിപ്പോട് കൂടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമര്‍ശനം.
ഈ നികൃഷ്ട ജന്മങ്ങള്‍ പിന്നെയും പാടും ‘മനുഷ്യനാകണം മനുഷ്യനാകണം’, എന്നും എം.എല്‍.എ കുറിച്ചു.
ആദ്യം ഇവരൊക്കെ മൃഗമെങ്കിലുമാകട്ടെ, എന്നിട്ട് മനുഷ്യരാകാന്‍ ശ്രമിക്കട്ടെയെന്നും എം.എല്‍.എ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉമ തോമസ് നടത്തിയ പരാമര്‍ശത്തെ മുന്‍നിര്‍ത്തിയാണ് അപകട വാര്‍ത്തയില്‍ പ്രതികരണമുണ്ടായത്.
പതുക്കെ പോയാല്‍ മതി ആര്‍ക്കാ ഇത്ര ധൃതി, ആംബുലസിന്റെ ഒന്നും ആവശ്യമില്ല എന്തിനാണ് ഇത്ര ധൃതി പിടിച്ച് കൊണ്ടുപോകുന്നത്, ധൃതി വേണ്ട പതുക്കെ പോകാം എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് വാര്‍ത്തയെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്.
നിലവില്‍ എം.എല്‍.എ അബോധാവസ്ഥയില്‍ തുടരുകയാണ്. എറണാകുളം റിനൈ മെഡിസിറ്റിയില്‍ എം.എല്‍.എ നിരീക്ഷണത്തില്‍ കഴിയുകയാണ്. അപകടത്തെ തുടര്‍ന്ന് ഉമ തോമസിന്റെ തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്.
ആരോഗ്യനില തൃപ്തികരമെന്ന് നിലവില്‍ പറയാന്‍ കഴിയില്ലെന്നും 24 മണിക്കൂറിനുള്ളില്‍ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നുമാണ് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അറിയിച്ചത്.
ഉടനടി ശസ്ത്രക്രിയകള്‍ വേണ്ടതില്ലെന്നും ആന്തരിക രക്തസ്രാവമില്ലെന്നും ശ്വാസകോശത്തില്‍ ചെറിയ തോതില്‍ രക്തം കട്ടയായിട്ടുണ്ടെന്നും ഡോക്ടര്‍ കൃഷ്ണനുണ്ണി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെയാണ് അപകടം ഉണ്ടായത്.
ഒരുനില കെട്ടിടത്തില്‍ നിന്നാണ് എം.എല്‍.എ താഴേക്ക് വീണത്. താത്കാലികമായി തയ്യാറാക്കിയ ഗാലറിയില്‍ നിന്ന് വീണതാണ് അപകടത്തിന് കാരണമായത്.
Content Highlight: Rahul against the reactions following the news of Uma Thomas’ accident