| Friday, 27th April 2018, 12:41 pm

'കള്ളം മാത്രം പറയുന്ന ആളാണ് മോദി; ഈ മനുഷ്യന് ഇന്ത്യയെ മുന്നോട്ട് നയിക്കാനാവില്ല'; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബട്കല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒന്നിന് പുറകെ ഒന്നായി മോദി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും വെറുപ്പിന്റെ രാഷ്ട്രീയവും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന ഈ മനുഷ്യന് ഇന്ത്യയെ മുന്നോട്ട് നയിക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു.

കര്‍ണാടകയിലെ ഖനി മാഫിയ തലവന്‍മാരായ റെഡ്ഡി സഹോദരന്‍മാരെ രക്ഷിക്കാനായി സി.ബി.ഐയെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇല്ലീഗല്‍ മൈനിങ് ആക്കി മോദി മാറ്റിയെന്നും രാഹുല്‍ പറഞ്ഞു.

കര്‍ണാടകയില്‍ എത്തിയതിന് പിന്നാലെ മോദി പറഞ്ഞത് അദ്ദേഹം അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ്. അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു വശത്ത് അഴിമതിയുടെ പേരില്‍ ജയിലില്‍ കിടന്ന യെദിയൂരപ്പയും മറ് വശത്ത് ഇനി ജയിലില്‍ കിടക്കാനുള്ള നാല് മന്ത്രിമാരുമാണ് ഉണ്ടായിരുന്നത്.


Dont Miss ‘അത് ആരോ ഫോട്ടോഷോപ്പ് ചെയ്തതാണ്; ദയവ് ചെയ്ത് അവഗണിക്കുക’; തൃശൂര്‍പൂരം ആശംസ നേര്‍ന്നുള്ള ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് മേജര്‍ രവി


അഴിമതിക്കാരെല്ലാം ചുറ്റും ഇരിക്കുമ്പോഴാണ് മോദി ഇത് പറഞ്ഞത്. അസംബ്ലി തെരഞ്ഞെടുപ്പില്‍
റെഡ്ഡി സഹോദരന്‍മാര്‍ക്ക് അഞ്ച് ടിക്കറ്റാണ് ലഭിച്ചത്. ഇനി അവര്‍ ജയിലില്‍ നിന്നും ഇറങ്ങുന്ന പക്ഷം മോദി ജി അവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കും- രാഹുല്‍ പറഞ്ഞു.

മുന്‍പ് സി.ബി.ഐ എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നായിരുന്നു. ഇന്നാല്‍ ഇപ്പോള്‍ അതിന്റെ പേര് മോദി ജി മാറ്റി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇല്ലീഗല്‍ മൈനിങ് എന്നാക്കിയിരിക്കുകയാണ്. എന്നിട്ട് ഇവിടെ എത്തി അദ്ദേഹം പറയുന്നത് അദ്ദേഹം അഴിമതിക്ക് എതിരാണെന്ന്. – കര്‍ണാടകയിലെ ബട്കലില്‍ നടന്ന പൊതുറാലിയില്‍ രാഹുല്‍ പറഞ്ഞു.

അഴിമതിയെ കുറിച്ചും ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യങ്ങളെ കുറിച്ചും മാധ്യമങ്ങള്‍ക്ക് മോദിയോട് ചോദിക്കാനാവില്ല. കാരണം അദ്ദേഹം മന്‍ കി ബാത്ത് മാത്രമേ നടത്തുള്ളൂ.

കര്‍ണാടകയുടെ സമ്പത്ത് മുഴുവന്‍ റെഡ്ഡി സഹോദരന്‍മാരുടെ കൈകളില്‍ എത്തിക്കാനാണ് മോദി ശ്രമിക്കുന്നത്. അഞ്ചോ പത്തോ ആളുകളില്‍ ഈ സ്വത്തുക്കള്‍ മുഴുവന്‍ ഒതുക്കാനുള്ള അവരുടെ ശ്രമം കോണ്‍ഗ്രസ് അനുവദിക്കില്ല.

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മോദിയുടെ സ്വന്തം പദ്ധതികള്‍ നടക്കുമ്പോഴാണ് ജമ്മുവിലും യു.പിയിലും രാജസ്ഥാനിലും രാജ്യത്തെ മുക്കിലും മൂലയിലും സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുന്നത്. എന്നിട്ടും ഒരക്ഷരം പോലും മിണ്ടാന്‍ മോദി തയ്യാറായില്ല.

സ്വന്തം പാര്‍ട്ടി നേതാവ് പോലും പീഡനക്കേസില്‍ പ്രതിയായി. ഇനിയും ബേട്ടി ബച്ചാവോ ബേട്ടി പഠാവോ മുദ്രാവാക്യം മോദി ഉയര്‍ത്തിപ്പിടിക്കരുത്. ബേട്ടി ബട്ടാവോ ബേട്ടി പഠാവോ എന്നത് മാറ്റി ബി.ജെ.പി സെ ബച്ചാവോ(ബി.ജെ.പിയില്‍ നിന്നും രക്ഷ) ആണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്- രാഹുല്‍ പറഞ്ഞു.

ഇന്നാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. കര്‍ണാടക ജനതയുടെ മന്‍ കി ബാത്താണ് തങ്ങളുടെ പ്രകടനപത്രികയില്‍ ഉള്ളതെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ പ്രകടനപത്രികയില്‍ പുറത്തിറക്കിയ 95 ശതമാനം വാഗ്ദാനങ്ങളും കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ടെന്നും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനമെന്നും രാഹുല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more