ന്യൂദല്‍ഹി: സിവില്‍ സര്‍വീസില്‍ ആര്‍.എസ്.എസുകാരെ തിരുകികയറ്റാന്‍ ശ്രമം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസിന്റെ താത്പര്യത്തിനനുസരിച്ച് ഉദ്യോഗസ്ഥരെ നിയമിക്കാനായി മോദി സര്‍ക്കാര്‍ യു.പി.എസ്.സി ഘടനയെ തകിടം മറിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു.
ആര്‍.എസ്.എസ് താല്‍പര്യത്തിന് അനുസരിച്ചാണ് നിയമനം നടക്കുന്നതെന്നും ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നും ഉദ്യോഗാര്‍ഥികളുടെ ഭാവി അപകടത്തിലാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
വിദ്യാര്‍ഥി സമൂഹത്തിന്റെ ഭാവി തന്നെ അപകടത്തിലാണെന്നും ഇതിനെതിരെ വിദ്യാര്‍ഥികള്‍ ഉണരണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്തും ഉള്‍പ്പടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.
സിവില്‍ സര്‍വീസ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രൊബേഷന്‍ ഉദ്യോഗസ്ഥരുടെ ജോലിയുടേയും കേഡറിന്റെയും വിന്യാസം ഫൗണ്ടേഷന്‍ കോഴ്സിന് ശേഷമാക്കുന്ന കാര്യംപരിശോധിക്കണമെന്നു കാണിച്ച് പേഴ്‌സണല്‍ മന്ത്രാലയം വിവിധ കേഡര്‍ നിയന്ത്രണ അധികാരികള്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പാണ് രാഹുല്‍ പുറത്ത് വിട്ടത്.
വിദ്യാര്‍ഥികളേ ഉണരൂ… നിങ്ങളുടെ ഭാവി അപകടത്തിലാണ്. വിഷയാധിഷ്ഠിത മാനദണ്ഡത്തിലൂടെ മെറിറ്റ് പട്ടിക അട്ടിമറിച്ച് ആര്‍.എസ്.എസിന്റെ പരിഗണനക്കനുസരിച്ചുള്ള ഉദ്യോഗസഥരെ നിയമിക്കാനാണ പ്രധാനമന്ത്രിയുടെ ഉദ്ദേശമെന്ന് ഈ കത്ത് വെളിപ്പെടുത്തുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയതു.
എല്ലാ ജോലിയിലും മൂന്നു മാസമാണ് ഉദ്യോഗസ്ഥരുടെ ഫൗണ്ടേഷന്‍ കോഴ്‌സിന്റെ കാലാവധി. നിലവില്‍ യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ സംഘടിപ്പിക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ജോലിയുടെ വിന്യാസം ഫൗണ്ടേഷന്‍ കോഴ്‌സിനു മുമ്പു തന്നെ പൂര്‍ത്തീകരിക്കാറുണ്ട്.