നിലവില്‍ ഞാന്‍ പാര്‍ട്ടി അധ്യക്ഷനല്ല; രാജി എന്നേ നല്‍കിയതാണ്; പുതിയ അധ്യക്ഷനെ ഉടന്‍ കണ്ടെത്തണമെന്നും രാഹുല്‍
India
നിലവില്‍ ഞാന്‍ പാര്‍ട്ടി അധ്യക്ഷനല്ല; രാജി എന്നേ നല്‍കിയതാണ്; പുതിയ അധ്യക്ഷനെ ഉടന്‍ കണ്ടെത്തണമെന്നും രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd July 2019, 2:40 pm

ന്യൂദല്‍ഹി: പുതിയ അധ്യക്ഷനെ കണ്ടെത്തുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇനിയും വൈകരുതെന്ന് രാഹുല്‍ ഗാന്ധി. താന്‍ നേരത്തെ തന്നെ രാജി സമര്‍പ്പിച്ചു കഴിഞ്ഞതാണെന്നും നിലവില്‍ പാര്‍ട്ടി അധ്യക്ഷനല്ലെന്നും രാഹുല്‍ പറഞ്ഞു.

പുതിയ അധ്യക്ഷനെ പാര്‍ട്ടി ഉടന്‍ കണ്ടെത്തണമെന്നും ഇനിയും കാലതാമസം ഉണ്ടാവരുതെന്നും രാഹുല്‍ പറഞ്ഞു. രാജിക്കാര്യത്തെ കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടായിരുന്നു രാഹുലിന്റെ പ്രതികരണം.

ഈയാഴ്ച അവസാനം രാഹുലും സോണിയയും വിദേശത്തേക്ക് പോകുകയാണ്. വിദേശത്ത് ചികിത്സയില്‍ കഴിയുന്ന റോബര്‍ട്ട് വദ്രയെ കാണാനാണ് ഇരുവരും പോകുന്നത്.

റോബര്‍ട്ട് വദ്രയുടെ ഓപ്പറേഷന്റെ ഭാഗമായി പ്രിയങ്കയും വിദേശത്താണുള്ളത്. ഇരുവര്‍ക്കുമരികിലേക്കാണ് രാഹുലും സോണിയയും പോകുന്നത്.

രാഹുല്‍ഗാന്ധി തന്നെ അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി പ്രവര്‍ത്തകര്‍ സമരത്തിലാണ്.
പകരക്കാരനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചെങ്കിലും അതിലും താന്‍ ഭാഗമാകില്ലെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ പ്രവര്‍ത്തക സമിതി വിളിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം കേരളത്തിലേക്ക് തിരിച്ചിരുന്നു. അതുകൊണ്ട് തന്നെ അധ്യക്ഷചര്‍ച്ച തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.

എ.ഐ.സി.സി ഓഫീസിന് മുന്നിലും, കോണ്‍ഗ്രസ് ഓഫീസ് വളപ്പിലുമായി നടന്ന സമരം ഇന്നലെ പ്രവര്‍ത്തകര്‍ രാത്രി അവസാനിപ്പിച്ചിരുന്നു.