ആ രണ്ട് ചിത്രങ്ങള്‍ ഞാന്‍ പ്രശസ്തിക്ക് വേണ്ടി ചെയ്തത്, അല്ലാതെ എനിക്കതില്‍ ചെയ്യാന്‍ ഒന്നുമില്ല: രശ്മിക മന്ദാന
Entertainment
ആ രണ്ട് ചിത്രങ്ങള്‍ ഞാന്‍ പ്രശസ്തിക്ക് വേണ്ടി ചെയ്തത്, അല്ലാതെ എനിക്കതില്‍ ചെയ്യാന്‍ ഒന്നുമില്ല: രശ്മിക മന്ദാന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd December 2024, 5:17 pm

സരിലെരു നീകിവ്വരു എന്ന മഹേഷ് ബാബുവിന്റെ ചിത്രത്തിലും വിജയ് നായകനായ വാരിസിലും അഭിനയിച്ചത് വിസിബിലിറ്റിക്ക് വേണ്ടിയാണെന്ന് പറയുകയാണ് രശ്മിക മന്ദാന. കൂര്‍ഗില്‍ നിന്നും വന്ന സിനിമയുമായി ബന്ധമില്ലാത്ത ഒരു കുട്ടിക്ക് ആ സമയത്ത് അത്തരം വിസിബിലിറ്റി ആവശ്യമായിരുന്നു എന്നും പ്രേക്ഷകര്‍ എപ്പോഴും തന്റെ പെര്‍ഫോമന്‍സ് അടിപൊളിയാണെന്ന് പറയേണ്ട ആവശ്യമില്ലെന്നും രശ്മിക പറഞ്ഞു.

ആ രണ്ട് ചിത്രങ്ങളാണ് തനിക്ക് പുഷ്പയിലെ ശ്രീവല്ലിയും അനിമലിലെ ഗീതാഞ്ജലിയും എല്ലാം നല്‍കിയതെന്നും ആ യാത്രയാണ് തന്നെ ഇന്നത്തെ താരമാക്കിമാറ്റിയതെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രശ്മിക മന്ദാന.

‘മഹേഷ് ബാബുവിന്റെ കൂടെയുള്ള സിനിമയും വിജയിയുടെ വാരിസുമെല്ലാം ഉള്ളത് പറഞ്ഞാല്‍ എന്റെ തന്നെ ചോയ്സില്‍ ചെയ്ത സിനിമകളായിരുന്നു. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങളും സിനിമകളും ഒക്കെ ചെയ്യേണ്ടതായിട്ട് വരുമല്ലോ. അത്തരത്തില്‍ ഞാന്‍ ചെയ്ത വേഷങ്ങളാണ് അത് രണ്ടും.

ആ സിനിമകള്‍ എന്റെ കൊമേര്‍ഷ്യല്‍ സിനിമകളുടെ സാധ്യതകളാണ് തുറന്ന് തന്നത്. കൊമേര്‍ഷ്യല്‍ സിനിമകള്‍ ചെയ്യുന്നതില്‍ അവ രണ്ടും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. രണ്ടാമത്തെ കാരണം തീര്‍ച്ചയായും പ്രശസ്തിയാണ്. എന്റെ കരിയറിലെ ആ പോയിന്റില്‍ അത്രയും വലിയ താരങ്ങളുടെ കൂടെയുള്ള ചിത്രങ്ങള്‍ എനിക്ക് വലിയ വിസിബിലിറ്റി തരും. സിനിമാ മേഖലയുമായി ഒരു ബന്ധവുമില്ലാത്ത കൂര്‍ഗില്‍ നിന്നുള്ള പെണ്‍കുട്ടിക്ക് ആ സമയത്ത് ഇത്തരം ചിത്രങ്ങള്‍ ആവശ്യമാണ്. അവരണ്ടും എനിക്ക് വലിയ രീതിയിലുള്ള വിസിബിലിറ്റി നല്‍കി.

പ്രേക്ഷകര്‍ എപ്പോഴും എന്റെ പെര്‍ഫോമന്‍സ് അടിപൊളിയാണെന്ന് പറയേണ്ട ആവശ്യമില്ല. ചില ചിത്രങ്ങള്‍ നിങ്ങള്‍ക്ക് അതിജീവനത്തിന് ആവശ്യമായിരിക്കും. അതൊരിക്കലും കുഴപ്പമില്ല. കാരണം അത്തരം സിനിമകള്‍ നിങ്ങളെ മറ്റുള്ള പ്രൊജക്ടുകളിലേക്ക് കൊണ്ടെത്തിക്കും. അതുകൊണ്ടൊക്കെയാണ് എനിക്ക് പുഷ്പയിലെ ശ്രീവല്ലിയും അനിമലിലെ ഗീതാഞ്ജലിയെ എല്ലാം കിട്ടിയത്. ആ യാത്രയാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്,’ രശ്മിക പറയുന്നു.

Content Highlight: Rahsmika Mandanna Talks About doing Commercial Films