കൊച്ചി: ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രഹ്ന ഫാത്തിമയുടെ വീടാക്രമിച്ച ബി.ജെ.പി നേതാവിനെ റിമാന്‍ഡു ചെയ്തു. രഹ്ന താമസിച്ച ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്സ് ആക്രമിച്ച കേസിലെ പ്രതി പി.ബി. ബിജുവിനെയാണ് എറണാകുളം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
ബി.ജെ.പിയുടെ കടവന്ത്ര ഏരിയ പ്രസിഡന്റാണ് ബിജു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നത്. തിങ്കളാഴ്ചയാണ് കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ സമയത്ത് ഇയാള്‍ക്കുവേണ്ടി ജാമ്യമെടുക്കാന്‍ ആരും എത്തിയിരുന്നില്ല. ഇയാള്‍ക്കുവേണ്ടി അഭിഭാഷകാരാരും ഹാജരായതുമില്ല. ഇതേതുടര്‍ന്നാണ് ബിജുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്സിലാണ് രഹന ഫാത്തിമ താമസിക്കുന്നത്. അതിനാല്‍ പൊതുമുതല്‍ നശിപ്പിച്ച കേസാണ് ബിജുവിനെതിരെ ചുമത്തിയിരിക്കുന്നത്. 10000 രൂപയുടെ നഷ്ടമാണ് ഈ ആക്രമണത്തില്‍ ഉണ്ടായതെന്നാണ് പൊലീസ് കണക്കാക്കിയിരിക്കുന്നത്.
ഇത്രയും തുക കെട്ടിവെച്ചാല്‍ മാത്രമേ ജാമ്യം ലഭിക്കു.
അതേസമയം കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പേ തങ്ങളേയോ ബിജുവിന്റെ ബന്ധുക്കളേയോ പൊലീസ് അറിയിച്ചിരുന്നില്ലെന്നാണ് ബി.ജെ.പി പറയുന്നത്. വിഷയത്തില്‍ വരുംദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
ചിത്രം കടപ്പാട്- മാതൃഭൂമി
WATCH THIS VIDEO: