| Friday, 19th October 2018, 10:59 am

'തിരിച്ചുപോകാതെ നിവൃത്തിയില്ല' ; ശബരിമലയില്‍ നിന്ന് മടങ്ങുകയാണെന്ന് രഹ്ന ഫാത്തിമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ആന്ധ്രാ സ്വദേശി കവിതയും കൊച്ചി സ്വദേശി രഹ്ന ഫാത്തിമയും ശബരിമല സന്നിധാനത്ത് നിന്നും തിരിച്ചിറങ്ങി. തിരിച്ചുപോകാതെ തങ്ങള്‍ക്ക് നിവൃത്തിയില്ല എന്ന് രഹ്ന ഫാത്തിമ പറഞ്ഞു.

യുവതികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ഇവര്‍ സ്വമേധയാ തിരിച്ചുപോകാന്‍ സന്നദ്ധത അറിയിച്ചു എന്നായിരുന്നു പൊലീസ് പറഞ്ഞത്. യുവതികള്‍ സമ്മതം അറിയിച്ചെന്നും ഐ.ജി ശ്രീജിത്ത് പറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചിറങ്ങാതെ തങ്ങള്‍ക്ക് നിവൃത്തിയില്ല എന്നാണ് രഹ്നയുടെ പ്രതികരണം വന്നിരിക്കുന്നത്.

യുവതികള്‍ സന്നിധാനത്ത് കടന്നാല്‍ ശ്രീകോവില്‍ അടച്ചിടുമെന്ന് കണ്ഠരര് രാജീവര് അറിയിച്ചിരുന്നു. ശബരിമല സന്നിധാനത്ത് നിന്നും സ്ത്രീകളെ പുറത്തിറക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടുമെന്നാണ് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞത്. യുവതികള്‍ എത്രയും പെട്ടെന്ന് മടങ്ങിപ്പോകണമെന്നും അല്ലാത്ത പക്ഷം ശ്രീകോവില്‍ അടച്ചിടുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.


യുവതികളെ സന്നിധാനത്ത് നിന്ന് പുറത്താക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടും; തന്ത്രി കണ്ഠരര് രാജീവര്


ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെൡയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് രാവിലെ ദേവസ്വം മന്ത്രി പറഞ്ഞിരുന്നു. ഇവരുടെ പശ്ചാത്തലം കൂടി പരിശോധിക്കേണ്ടിയിരുന്നെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിയും നിലപാട് അറിയിച്ചത്.

തുടര്‍ന്ന് നട അടച്ചിടാന്‍ തന്ത്രിക്ക് അവകാശമുണ്ടെന്ന് ദേവസ്വം മന്ത്രി പറയുകയും ചെയ്തു. ഇതോടെയാണ് യുവതിയുടെ തിരിച്ചുപോക്ക് അനിവാര്യമായത്.

രാവിലെ 7 മണിയോടെയാണ് യുവതികള്‍ പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തെത്തിയത്. പൊലീസ് സുരക്ഷയോടെ തന്നെയാണ് ഇവരുടെ മടക്കവും.

ശബരിമലയില്‍ പൂജകള്‍ നിര്‍ത്തിവെച്ച് അല്‍പം മുന്‍പ് പരികര്‍മിമാര്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. മേല്‍ശാന്തിമാരുടെ പരികര്‍മികള്‍ പതിനെട്ടാം പടിയുടെ താഴെ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്.

തന്ത്രിയുടെ സഹായികളും ഉള്‍പ്പെടെ 35 ഓളം പേരാണ് പതിനെട്ടാം പടിയുടെ താഴെ ഇരുന്ന് പ്രതിഷേധിക്കുന്നത്. ശരണം വിളിച്ചുകൊണ്ടാണ് ഇവരുടെ പ്രതിഷേധം. ശബരിമല സന്നിധാനത്ത് ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധം നടക്കുന്നത്.

We use cookies to give you the best possible experience. Learn more