| Saturday, 20th October 2018, 5:48 pm

രഹ്‌ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രഹ്‌ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍. രഹ്‌ന ഫാത്തിമയേയും കുടുംബത്തേയും സമുദായത്തില്‍ നിന്നും പുറത്താക്കിയതായി ജമാ അത്ത് കൗണ്‍സില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരായി ശബരിമലയില്‍ ദര്‍ശനത്തിനെത്തിന് പോയതാണ് രഹ്‌നയെ സമുദായത്തില്‍ നിന്നും പുറത്താക്കാന്‍ കാരണമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്ത രഹ്‌നയ്ക്ക് സമുദായത്തിന്റെ പേരുപയോഗിക്കാന്‍ അവകാശമില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു. സമൂഹത്തിന്റെ മത വികാരത്തെ വൃണപ്പെടുത്തിയ മുസ്‌ലിം നാമധാരിക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


അതേസമയം, സന്നിധാനത്ത് നിന്നും പിന്മാറിയത് പിഞ്ചു കുഞ്ഞുങ്ങളെ വച്ച് ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്ന് രഹ്‌ന പറഞ്ഞിരുന്നു. “പതിനെട്ടാം പടി കയറുന്നത് തടയാന്‍ കുട്ടികളെ നിലത്ത് കിടത്തി പീഡിപ്പിച്ചത് പല ചാനലുകളും കാണിച്ചില്ല. ഞങ്ങള്‍ എത്രസമയം ദര്‍ശനത്തിനായി കാത്ത് നിന്നാലും അത്രയും നേരം ആ പിഞ്ചുകുട്ടികള്‍ ആണ് പീഡിപ്പിക്കപെടുക എന്നത് കൊണ്ടാണ് പിന്മാറിയത്.

കുട്ടികളെ അനാചാരങ്ങളുടെ പേരില്‍ പീഡിപ്പിച്ചവര്‍ക്കെതിരെ പോക്സോ പ്രകാരം കേസ് എടുക്കണം” എന്നും രഹ്‌ന പറഞ്ഞിരുന്നു. താന്‍ മല കയറിയാല്‍ മല അശുദ്ധമാകും എന്ന് ആരോപിച്ച തന്ത്രിക്കെതിരെ കേസ് കൊടുക്കും. ഈ കാലഘട്ടത്തിലും അയിത്തം തുടരുന്ന ഇവരില്‍ നിന്ന് പ്രസാദം സ്വീകരിക്കാന്‍ താല്‍പര്യമില്ല എന്നും രഹ്‌ന പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more