| Thursday, 2nd July 2020, 3:25 pm

രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നഗ്നശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്.

തന്റെ കുട്ടിയെവെച്ച് എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

‘രഹ്ന ഫാത്തിമയുടെ മുന്‍കാല ചെയ്തികളും പരിഗണിക്കണം. സ്വന്തം ശരീരത്തില്‍ കുട്ടിയെകൊണ്ട് ചിത്രം വരപ്പിച്ചത് അമ്പത്തിയൊന്നായിരം പേരാണ് കണ്ടത്. ഇത് പോക്സോ പരിധിയില്‍ വരും’, സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വെള്ളിയാഴ്ചയാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തനിക്കെതിരായ പോക്സോ കേസ് നിലനില്‍ക്കില്ലെന്നും പരാതിക്കു പിന്നില്‍ മത, രാഷ്ട്രീയ വൈരാഗ്യമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹരജി.

‘തനിക്കെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്നും തന്റെ പ്രവര്‍ത്തി വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നുമാണ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രഹ്ന പറഞ്ഞത്. ലിംഗ വിവേചനത്തിനെതിരായ പോരാട്ടം കൂടിയാണ് തന്റെ പ്രവൃത്തിയെന്നും രഹ്ന ഹരജിയില്‍ വിശദീകരിച്ചിട്ടുണ്ട്’, രഹ്ന പറഞ്ഞു.

സംഭവത്തില്‍ എറണാകുളം സൈബര്‍ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സൗത്ത് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. പോക്സോ ആക്ട് സെക്ഷന്‍ 13, 14, 15 എന്നിവയും ഐടി ആക്ടും പ്രകാരമാണ് കേസെടുത്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more