| Monday, 31st December 2018, 3:43 pm

ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും പരിശീലന പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല; ബി.എസ്.എന്‍.എല്ലിനെതിരെ രഹ്ന ഫാത്തിമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും സ്ഥാനക്കയറ്റത്തിനുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ബി.എസ്.എന്‍.എല്‍ അനുവദിക്കുന്നില്ലെന്ന് രഹ്ന ഫാത്തിമ.

ഇന്ന് പരിശീലനം ആരംഭിച്ചപ്പോള്‍ സ്ഥലത്തെത്തിയെങ്കിലും ഇതുസംബന്ധിച്ച യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാനാവില്ല എന്ന നിലപാടാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും രഹ്ന ഫാത്തിമ പറഞ്ഞു.

കൊച്ചി ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്തെ ഓഫിസില്‍ നിന്നാണ് അനുമതി നല്‍കേണ്ടതെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. തിരുവനന്തപുരം സര്‍ക്കിള്‍ ഓഫിസില്‍ എത്തിയപ്പോള്‍ എറണാകുളം എസ്.എസ്.എയില്‍ നിന്ന് സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നില്ലെന്ന അറിയിപ്പ് നല്‍കിയാല്‍ മാത്രമേ അനുമതി പത്രം നല്‍കാനാകൂ എന്ന് അറിയിച്ചു.

സ്ഥാനക്കയറ്റത്തിനായി എഴുതിയ വകുപ്പുതല പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനോ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയോ ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസ് കൊടുക്കുമെന്നും രഹ്ന ഫാത്തിമ പറഞ്ഞു.


“വസ്തുതപരമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെടുമായിരുന്നു”; പ്രളയ പുനരധിവാസം ഇഴഞ്ഞ് നിങ്ങുകയാണെന്ന മനോരമ വാര്‍ത്തക്കെതിരെ കണക്കുകള്‍ നിരത്തി മറുപടിയുമായി മുഖ്യമന്ത്രി


ഇപ്പോള്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനായില്ലെങ്കില്‍ രണ്ടു വര്‍ഷത്തിനു ശേഷമേ സാധിക്കൂ. ഹൈക്കോടതി നിര്‍ദേശത്തിന്റെ പിന്‍ബലത്തില്‍ തനിക്ക് പരിശീലനത്തിന് പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ നടപടി കോടതി അലക്ഷ്യമാകും. തിരുവനന്തപുരം ഡി.ജി.എം ബി. മഹേഷ്, എ.ജി.എം മുരളീധരന്‍, എറണാകുളം എ.ജി.എം റോജ എന്നിവര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും രഹന പറഞ്ഞു

ഇപ്പോള്‍ ടെലികോം ടെക്‌നിഷ്യന്‍ തസ്തികയിലുള്ള രഹ്ന ഫാത്തിമ ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്കു പ്രമോഷനു വേണ്ടിയായിരുന്നു പരീക്ഷ എഴുതിയത്. തന്റെ ട്രെയിനിങ് ഓര്‍ഡര്‍ നല്‍കുന്നത് ഒഴിവാക്കുന്നതിനോ നീട്ടിക്കൊണ്ടു പോകുന്നതിനൊ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും രഹ്ന ഫാത്തിമ കുറ്റപ്പെടുത്തി.

ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പോസ്റ്റു ചെയ്‌തെന്നാരോപിച്ച് ചങ്ങനാശേരി സ്വദേശി നല്‍കിയ പരാതിയിലാണ് രഹന ഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്.

ഇതിന് പിന്നാലെ രഹനയെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനിടെ ജാമ്യം നേടി പുറത്തിറങ്ങിയ രഹന സ്ഥാനക്കയറ്റത്തിനായി എഴുതിയ പ്രവേശന പരീക്ഷയുടെ ഫലം പുറത്തു വിടണമെന്നും പരിശീലനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയ സമീപിച്ചിരുന്നു.

പരീക്ഷാ ഫലം താല്‍ക്കാലികമായി പ്രഖ്യാപിക്കാമെന്നും വിജയിച്ചെങ്കില്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതിനും ബി.എസ്.എന്‍.എലിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more