| Sunday, 15th October 2023, 1:21 pm

ഫലസ്തീനില്‍ ഇസ്രഈല്‍ സ്ഥാപിക്കാന്‍ സഹായിച്ചത് വഹാബികള്‍, അവര്‍ മുസ്‌ലിങ്ങളോട് ചെയ്ത ക്രൂരതക്ക് കണക്കില്ല: റഹ്മത്തുള്ള ഖാസിമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഫലസ്തീന്‍ വിഭജിച്ച് ഇസ്രഈല്‍ സ്ഥാപിച്ചതിന്റെ പ്രധാന കാരണക്കാര്‍ വഹാബികളാണെന്ന് റഹ്മത്തുള്ള ഖാസിമി. വഹാബികള്‍ മുസ്‌ലിങ്ങളോട് ചെയ്ത ക്രൂരതക്ക് കണക്കില്ലെന്നും ഒരു പ്രസംഗത്തില്‍ റഹ്മത്തുള്ള ഖാസിമി പറഞ്ഞു.

സൗദി അറേബ്യയാണ് ഇസ്രഈല്‍ രാജ്യത്തിന്റെ രൂപീകരണത്തിന് ആദ്യം സമ്മതം നല്‍കുന്നത്. മുസ്‌ലിം രാജ്യങ്ങള്‍ ഇസ്രഈലിനെതിരായി നടത്തിയ യുദ്ധത്തില്‍ ഉണ്ടാകാതിരുന്നതും സലഫി രാജ്യമായ സൗദിയാണെന്നും അദ്ദേഹം പറയുന്നു.

റഹ്മത്തുള്ള ഖാസിമിയുടെ വാക്കുകള്‍

ലോകത്തെ ഏറ്റവും വലിയ പ്രശ്‌നമാണ് ഫലസ്തീന്‍ പ്രശ്‌നം. അതിന് കാരണക്കാര്‍ വഹാബികളാണ്. വഹാബി രാജ്യം സ്ഥാപിക്കാന്‍വേണ്ടി ബ്രിട്ടീഷ് പ്രതിരോധവകുപ്പ് മന്ത്രിക്ക് കരാര്‍ എഴുതിക്കൊടുത്തു. അതിന്റെ കരാര്‍ എന്റെ കയ്യിലുണ്ട്. ഇത് സത്യമാണെന്ന് സൗദി പത്രം പോലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1948 മെയ് 14ന് അബ്ദുല്‍ അസീസ് രാജാവിന്റെ സീലോടെയാണ് ഇസ്രഈല്‍ രാജ്യം നിലവില്‍ വന്നത്.

ഇതിന് ശേഷം രണ്ട് തവണ അറബ് രാജ്യങ്ങളും ഇസ്രഈലും തമ്മില്‍ യുദ്ധം നടന്നിട്ടുണ്ട്. ഒന്ന്, 1949ലും മറ്റൊന്ന് 1967ലുമാണ്. ഈ രണ്ട് യുദ്ധങ്ങളിലും സൗദി അറേബ്യ പങ്കെടുത്തിട്ടില്ല.

എന്നാല്‍ അവസാനത്തെ അറിയപ്പെട്ട അബ്ദുല്‍ ഹമീദ് രണ്ടാമന്റെ അടുത്ത് സിയോണിസത്തിന്റെ സ്ഥാപക നേതാവ് 1901ല്‍ ചെന്ന് ഫലസ്തീന്‍ ഞങ്ങള്‍ക്ക് വിട്ടുതരണം എന്ന് ആവശ്യപ്പെട്ടതായിരുന്നു. അന്ന് അബ്ദുല്‍ ഹമീദ് രണ്ടാമന്റെ കീഴിലായിരുന്നു ഫലസ്തീന്‍. തുര്‍ക്കി വലിയ കടത്തിലായിരുന്നു ആ സമയം. ഫലസ്തീന്‍ വിട്ടുനല്‍കിയാല്‍ തുര്‍ക്കിയുടെ കടം വീട്ടാം എന്നൊക്കെയുള്ള ഓഫറുകള്‍ സയണിസ്റ്റുകള്‍ മുന്നോട്ടുവെച്ചു.

എന്നാല്‍ ഫലസ്തീന്‍ ഫലസ്തീനുകളുടെതാണെന്നും, എന്റെ കടം വീട്ടാനും എന്റെ രാജ്യത്തിന്റെ കടം വീട്ടാനും വേണ്ടി ഇത് ചെയ്യാന്‍ അനുവദിക്കില്ല എന്നാണ് അബ്ദുല്‍ ഹമീദ് രണ്ടാമന്‍ പറഞ്ഞത്.

ആ തുര്‍ക്കിയെ അമേരിക്കയുടെ കൂടെക്കൂടി യുദ്ധം ചെയ്ത് ഇവര്‍(വഹാബികള്‍) നശിപ്പിച്ചു. അങ്ങനെ തുര്‍ക്കിയുടെ കീഴില്‍ 50 ലക്ഷം മുസ്‌ലിങ്ങളെ ഒന്നാം ലോക മഹായുദ്ധ കാലത്ത് ഈ വഹാബികള്‍ കൊന്നു.

ചെങ്കിസ് ഖാന്റെ അക്രമത്തിന് ശേഷം മുഹമ്മദ് ബിനു അബ്ദുല്‍ വഹാബിന്റെ അക്രമം പോലെ മുസ്‌ലിങ്ങള്‍ വേദന അനുഭവിച്ചിട്ടില്ല. ചെങ്കിസ് ഖാന് അത് ചെയ്യാം. കാരണം അയാള്‍ മുസ്‌ലിമായിരുന്നില്ല. എന്നാല്‍ മുസ്‌ലിം നാമധാരിയായ മുഹമ്മദ് ബിനു അബ്ദുല്‍ വഹാബും അയാളുടെ സംഘവും കഴിഞ്ഞ മൂന്ന് നൂറ്റാണ്ട് മുസ്‌ലിം ലോകത്തിന് ക്ഷതവും വേദനയും ഏല്‍പ്പിക്കുകയാണ്. അതുകൊണ്ട് ഒരു മുസ്‌ലിമിന് വഹാബിയെ പിന്തുണക്കാന്‍ കഴിയില്ല.

Content Highlight: Rahmatullah Qasimi says that Wahhabis are the main reasons behind the partition of Palestine and the establishment of Israel.

We use cookies to give you the best possible experience. Learn more