| Thursday, 28th March 2024, 12:10 pm

ആടുജീവിതം ഇസ്‌ലാമോഫോബിയയായി ചിത്രീകരിക്കുന്നത് 100 ശതമാനം തെറ്റ്: റഹ്മത്തുള്ള ഖാസിമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആടുജീവിതം ഗൾഫ് രാജ്യങ്ങളിൽ വിലക്കിയതിന് പിന്നാലെ ചിത്രത്തെ ഇസ്‌ലാമോഫോബിയ ആയി കാണുന്നതിനെതിരെ ഖുർആൻ പ്രഭാഷകൻ റഹ്മത്തുള്ള ഖാസിമി. ബെന്യാമിൻ ഒരു വർഗീയ എഴുത്തുകാരൻ അല്ലെന്നും ഇത് യഥാർത്ഥ സംഭവമാണെന്നും ഖാസിമി ചൂണ്ടിക്കാട്ടി. ഇസ്‌ലാമിനെ വേണ്ട രീതിയിൽ ഉൾക്കൊള്ളാത്ത അറബികൾ ഇന്നും നിലനിൽക്കുന്നുണ്ടെന്നും നജീബിനെ അതിലെ കാട്ടറബി മർദിച്ചു എന്നത് സത്യമാണെന്നും ഖാസിമി പറയുന്നുണ്ട്.

അടിമയോട് ചെയ്യുന്നതിനേക്കാൾ കൂടുതൽ കാടത്തരം കാട്ടിക്കൂട്ടിയ ഒരു നജീദിയൻ അറബിയെ ബെന്യാമിൻ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഖാസിമി പറഞ്ഞു. കൊളോണിയൽ കാലഘട്ടത്തിലെ ക്രൂരത മുസ്ലിം നോവലിസ്റ്റോ ഒരു ഹിന്ദു നോവലിസ്റ്റോ ചിത്രീകരിക്കുമ്പോൾ അത് ക്രിസ്ത്യാനികളെ ഇകഴ്ത്തിയതാണെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളതെന്നും ഖാസിമി ചോദിച്ചു. ഇതൊന്നും ക്രിസ്ത്യാനോ ഫോബിയയോ ഇസ്‌ലാമോഫോബിയയോ അല്ലെന്നും കലാകാരന്റെ അവകാശമാണെന്നും ഖാസിമി അഭിപ്രായപ്പെട്ടു.

‘ഒന്നാമത് ഞാൻ സിനിമ കാണുന്ന ആളല്ല. സിനിമ എന്ന രീതിയിൽ പ്രത്യേക അഭിപ്രായം പറയാനില്ല. പക്ഷേ ബെന്യാമിന്റെ ആടുജീവിതം ഞാൻ വായിച്ചിട്ടുണ്ട്. ബെന്യാമിനെ ഇസ്‌ലാമോഫോബിയ ആയിട്ട് ചിത്രീകരിക്കുന്നത് 100% തെറ്റായ രീതിയാണ്. ബെന്യാമിൻ നമ്മുടെ കൂട്ടത്തിലുള്ള സാധാരണ എഴുത്തുകാരനാണ്. അയാൾ ഒരു വർഗീയ എത്തുകാരൻ അല്ല.

രണ്ടാമത് ഒരു മതവിഭാഗത്തെ അകറ്റാൻ വേണ്ടിയിട്ട് ബെന്യാമിൻ എഴുതിയതുമല്ല. ആ കാലഘട്ടത്തിലെ ആ നോവൽ വായിച്ച ആരും അങ്ങനെ അഭിപ്രായപ്പെട്ടിട്ടുമില്ല. പറഞ്ഞത് ഒരു യാഥാർത്ഥ്യമാണ്. ഇസ്‌ലാമിനെ വേണ്ടത്ര ഉൾക്കൊള്ളാത്ത അറബികൾ ഏത് കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. ഇതിലെ നജീബ് യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്നുണ്ട്. അയാളെ പോയി കണ്ടിട്ടാണ് യഥാർത്ഥ കഥക്കുള്ള കഥാതന്തു കിട്ടുന്നത്.

നജീബിനെ അതിലെ കാട്ടറബി മർദിച്ചു എന്നത് സത്യമാണ്. അയാൾ മുസ്‌ലിം നാമധാരി ആയിപ്പോയി എന്ന് കരുതി അദ്ദേഹത്തിന്റെ ഭാഗത്ത് നിൽക്കണമെന്നോ ഇതിനെ ഇസ്‌ലാമോഫോബിയ ആയിട്ട് ചിത്രീകരിക്കുന്നത് ഒരിക്കലും പാടില്ല. ഇസ്‌ലാമിക സംസ്കാരങ്ങൾ ഇല്ലാത്ത അറബികൾ ഇന്നും അറബ് നാടുകളിൽ ഉണ്ട്. അവർ ധാരാളം ആളുകളെ ഇങ്ങനെ ഉപദ്രവിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു കഥ കഥാകാരന് കിട്ടിയാൽ നോവൽ ആക്കുന്നത് ഉറപ്പാണ്.

ലോകത്ത് ഇപ്പോൾ ഇറങ്ങിക്കൊണ്ടിരിക്കുന്ന പല സിനിമകളും അസംഭവ്യമായ കാര്യങ്ങളെയാണ് ജെയിംസ് കാമറൂൺ വരെയും പുറത്തുകൊണ്ടുവരുന്നത്. ഇത് സംഭവിച്ച കാര്യമാണ്. സമൂഹത്തെ ബോധവൽക്കരിക്കേണ്ട കാര്യമോ, എന്റർടൈൻമെന്റ് ഭാഗമോ ആയിട്ട് ബെന്യാമിൻ അതിമനോഹരമായ എഴുതിയ നോവലാണ്.

അയാൾ മുസ്‌ലീമിനെ ഇകഴ്ത്തി എന്നൊന്നും പറയാൻ പാടില്ല. രണ്ടാമത് ബെന്യാമിനെ എന്തിനാണ് ആക്ഷേപിക്കുന്നത്? കലാവർക്കിനെ എന്തിനാണ് ആക്ഷേപിക്കുന്നത്? അറബികൾ നന്നായി തീരുകയല്ലേ വേണ്ടത്. ഈ നജീബ് ഒരു അടിമയല്ല. അടിമത്തം പൂർണമായും ഹറാമാണെന്ന് 100 വർഷം മുൻപ് മുസ്‌ലിം പണ്ഡിതന്മാര് ഫത്‌വ കൊടുത്തിട്ടുണ്ട്. ഇന്ന് അടിമത്തം ലോകത്തിൽ എവിടെയുമില്ല.

ഈ നജീബ് അടിമയും അല്ല. അടിമയാണെങ്കിലും യജമാനന് മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ അവകാശമില്ല. അടിമ പോലുമല്ലാത്ത ഒരാളെ അടിമയോട് ചെയ്യുന്നതിനേക്കാൾ കൂടുതൽ കാടത്തരം കാട്ടിക്കൂട്ടിയ ഒരു നജീദിയൻ അറബി, ആ അറബിയെ ബെന്യാമിൻ അതിമനോഹരമായി ചിത്രീകരിച്ചു.

പ്രവാസ ലോകത്ത് പോകുന്ന ആളുകളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാൻ ബെന്യാമിൻ ഒരു കാരണക്കാരനായി. ഇപ്പോൾ കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷുകാരോ പോർച്ചുഗീസുകാരോ ചെയ്ത ഏതെങ്കിലും ഒരു ക്രൂരതയെ മുസ്‌ലിം നോവലിസ്റ്റോ ഒരു ഹിന്ദു നോവലിസ്റ്റോ ചിത്രീകരിക്കുമ്പോൾ അത് ക്രിസ്ത്യാനികളെ ഇകഴ്ത്തിയതാണെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്. ഇതൊന്നും ക്രിസ്ത്യാനോ ഫോബിയയോ ഇസ്‌ലാമോഫോബിയയോ അല്ല. കലാകാരന്റെ അവകാശമാണ്. കലയെ കലയായി കാണുന്നു എന്നാണ്,’ഖാസിമി പറഞ്ഞു.

Content Highlight:  Rahmatullah Qasimi says that aadujeevitham  is not focus on Islamophobia

We use cookies to give you the best possible experience. Learn more