ഓണത്തിന്റെ ഭക്ഷണം കഴിക്കാമോ എന്നത് എന്ത് ചോദ്യമാണ് ചങ്ങാതീ; തിരുവാതിര കളിക്കില്ല, പായസം കുടിക്കും; നിസ്‌കാരത്തിന് അവര്‍ വരില്ല, പെരുന്നാള്‍ ഭക്ഷണം കഴിക്കും: റഹ്മത്തുള്ള ഖാസിമി
Kerala
ഓണത്തിന്റെ ഭക്ഷണം കഴിക്കാമോ എന്നത് എന്ത് ചോദ്യമാണ് ചങ്ങാതീ; തിരുവാതിര കളിക്കില്ല, പായസം കുടിക്കും; നിസ്‌കാരത്തിന് അവര്‍ വരില്ല, പെരുന്നാള്‍ ഭക്ഷണം കഴിക്കും: റഹ്മത്തുള്ള ഖാസിമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th September 2019, 2:08 pm

കോഴിക്കോട്: ഓണം, ക്രിസ്തുമസ് പോലുള്ള മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്‌ലീങ്ങള്‍ പങ്കെടുക്കരുതെന്നും ഓണസദ്യ കഴിക്കരുതെന്നുമുള്ള മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.

സിംസാറുല്‍ ഹുദവിയുടെ നിലപാടിനെ വിമര്‍ശിച്ച് മുസ്‌ലീം മതനേതാക്കളടക്കം നിരവധി പേരായിരുന്നു രംഗത്തെത്തിയത്.

എല്ലാ മതസ്ഥരേയും സ്വീകരിക്കുകയും സഹായിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്ത കൂട്ടത്തിലാണ് കേരളത്തിലെ മുസ്ലീങ്ങളെന്നും ഓണത്തിന് ഹൈന്ദവവീടുകളില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണങ്ങള്‍ പണ്ടുകാലം മുതലേ തങ്ങളെല്ലാം സ്വീകരിച്ചിരുന്നെന്നും അത്തരത്തിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ മുന്‍പും ഉണ്ടായിരുന്നുവെന്നും കേരളത്തിന്റെ ചരിത്രം വായിച്ചാല്‍ അത് മനസിലാക്കാന്‍ പറ്റുമെന്നുമായിരുന്നു സമസ്ത സി.ഐ.സി കോഡിനേറ്റര്‍ അബ്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരി ഇതിന് നല്‍കിയ മറുപടി.

‘ഓണം, ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കരുത്; ഓണസദ്യ കഴിക്കരുത്; ക്ഷേത്രത്തിലെ പൂരത്തിന് പിരിവ് നല്‍കരുത് ‘; സിംസാറുല്‍ ഹഖ് ഹുദവി

സമാനമായ നിലപാടുമായി രംഗത്തെത്തുകയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇ കെ വിഭാഗത്തിലെ പ്രമുഖ ഖുറാന്‍ പ്രഭാഷകന്‍ റഹ്മത്തുള്ള ഖാസിമിയും.

ഓണത്തിന് അവരുടെ ഭക്ഷണം കഴിക്കാന്‍ പാടുണ്ടോ എന്നൊക്കെയുള്ളത് എന്ത് ചോദ്യമാണ് ചങ്ങാതീയെന്ന് ചോദിച്ചുകൊണ്ടായിരുന്നു റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം.

തിരുവാതിരക്കളിക്ക് നമ്മുടെ പെണ്ണുങ്ങള്‍ പോകില്ല. അതേസമയം ഒരു പായസം തന്നാല്‍ നമ്മള്‍ കുടിക്കും. പെരുന്നാള്‍ നിസ്‌കരിക്കാന്‍ അവര് വരില്ലെങ്കിലും ഭക്ഷണം ഉണ്ടാക്കിക്കൊടുത്താല്‍ അവര്‍ കഴിക്കും. ഇത് ഇവിടെ ആയിരക്കൊല്ലങ്ങളായി നടക്കുന്നതാണെന്നും ഖാസിമി പ്രഭാഷണത്തില്‍ പറയുന്നുണ്ട്.

ഇവിടെ ഹിന്ദുക്കളും മുസ്‌ലീങ്ങളുമൊക്കെ ഏകോദര സഹോദരങ്ങളായി ആയിരക്കണക്കിന് കൊല്ലങ്ങളായി ജീവിച്ചുവന്നിട്ടുണ്ടെന്നും അന്ന് അവര്‍ കാണിച്ച നിയമം തന്നെയാണ് നമ്മളും പിന്തുടരേണ്ടതെന്നുമാണ് അദ്ദേഹം പറയുന്നത്.

ഓണത്തിന് ഹിന്ദുക്കളുടെ ഭക്ഷണം കഴിക്കാന്‍ പാടുണ്ടോ എന്നൊക്കെയുള്ളത് എന്ത് തരം ചോദ്യമാണെന്നും ആര്‍ക്കാണ് വിശപ്പുള്ളത്, അവര്‍ക്കൊക്കെ ഭക്ഷണം കൊടുക്കണമെന്നാണ് ഇസ്‌ലാം മതം പറയുന്നതെന്നും റഹ്മത്തുള്ള ഖാസിമി പറയുന്നു.

സാമൂതിരി രാജാവിന് ദീര്‍ഘായുസ്സുണ്ടാവാന്‍ വേണ്ടി കുറ്റിച്ചറി ജുമഅത്ത് പള്ളിയില്‍ ദുഅ ചെയ്തിരുന്ന കാലമുണ്ടായിരുന്നെന്നും ഇന്നാണ് അത് സംഭവിച്ചതെങ്കില്‍ അദ്ദേഹത്തെ ഇസ്‌ലാം മതത്തില്‍ നിന്ന് പുറത്താക്കി നിങ്ങള്‍ കാഫിറാക്കുമായിരുന്നെന്നും റഹ്മത്തുള്ള ഖാസമി പ്രസംഗത്തില്‍ പറയുന്നുണ്ട്.

പുതിയ പുതിയ രീതികള്‍ ഇവിടെ ഉണ്ടാക്കരുതെന്നും പഴയ കാലത്തെ സൗഹൃദം എങ്ങനെയായിരുന്നോ അതേപോലെ തന്നെ സഹകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ഖുറാന്‍ സ്റ്റഡി സെന്ററില്‍ നടത്തിയ പ്രഭാഷണത്തിലാണ് റഹ്മത്തുള്ള ഖാസിമി വ്യക്തമാക്കുന്നത്.

റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍…

 

”ഇവിടെ ഹിന്ദുക്കളും മുസ്‌ലീങ്ങളുമൊക്കെ ഏകോദര സഹോദരങ്ങളായി ആയിരക്കണക്കിന് കൊല്ലങ്ങളായി ജീവിച്ചുവന്നിട്ടുണ്ട്. അന്ന് അവര്‍ കാണിച്ച നിയമം, ഇപ്പോള്‍ നമ്മുടെ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ വീടുകളില്‍ പരസ്പരം സഹകരിക്കും. അതേസമയം തിരുവാതിരക്കളിക്ക് നമ്മുടെ പെണ്ണുങ്ങള് പോകുമോ? ഇന്ന് അതാണെഡാ ഉള്ളത്.

തിരുവാതിരക്കളിക്ക് നമ്മുടെ പെണ്ണുങ്ങള്‍ പോകില്ല. അതേസമയം ഒരു പായസം തന്നാല്‍ നമ്മള്‍ കുടിക്കും. പെരുന്നാള്‍ നിസ്‌കരിക്കാന്‍ അവര് വരില്ല. പക്ഷേ ഭക്ഷണം ഉണ്ടാക്കിക്കൊടുത്താല്‍ അവര്‍ കഴിക്കും. ഇത് ഇവിടെ ആയിരക്കൊല്ലങ്ങളായി നടക്കുന്നതാണ്. ഇതില്‍ വേറെ ചോദ്യമുണ്ടോ? ഓണത്തിന് അവരുടെ ഭക്ഷണം കഴിക്കാന്‍ പാടുണ്ടോ എന്നൊക്കെയുള്ളത് എന്ത് ചോദ്യമാണ് ചങ്ങാതീ?

ക്ഷേത്രത്തില്‍ പോയി ഭക്ഷണം കഴിച്ചതുകൊണ്ടോ ഓണാഘോഷത്തില്‍ പങ്കെടുത്തതുകൊണ്ടോ ഒന്നും സംഭവിക്കില്ല; സ്പര്‍ധയും അകല്‍ച്ചയും ചിലര്‍ ഉണ്ടാക്കിയെടുത്തത്; ഫൈസി ആദൃശ്ശേരിയുടെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

ആര്‍ക്കാണ് വിശപ്പുള്ളത്, അവര്‍ക്കൊക്കെ കൊടുക്കണം. എനിക്ക് കോഴി അറത്ത് തരുന്നതിനേക്കാള്‍ കൂലി കിട്ടുക രാമന്റെ മകന് കൊടുക്കുന്നതിനായിരിക്കും. ആ സാധുവായ കുട്ടിയുടെ വീട്ടില്‍ ചിലപ്പോള്‍ അങ്ങനത്തെ ഒരു ഭക്ഷണം ഉണ്ടാവില്ല. അത് അള്ളാഹുവിന്റെ സൃഷ്ടിയല്ലേ. മൊയ്‌ല്യാരായ എനിക്ക് തരുന്നതിനേക്കാള്‍ രാമന്റെ മകന് കൊടുക്കുന്നതായിരിക്കും കൂലിയുണ്ടാകുക. ആ കുട്ടിക്ക് അത് ആഗ്രഹമല്ലേ.

ക്ഷേത്രത്തില്‍ പോയി ഭക്ഷണം കഴിച്ചതുകൊണ്ടോ ഓണാഘോഷത്തില്‍ പങ്കെടുത്തതുകൊണ്ടോ ഒന്നും സംഭവിക്കില്ല; സ്പര്‍ധയും അകല്‍ച്ചയും ചിലര്‍ ഉണ്ടാക്കിയെടുത്തത്; ഫൈസി ആദൃശ്ശേരിയുടെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

കാര്യങ്ങള്‍ മനസിലാക്കാതെ നടക്കരുത്. പുതിയ പുതിയ രീതികള്‍ ഉണ്ടാക്കരുത്. പഴയ കാലത്ത് ഇവിടെ എങ്ങനെയാണ് സൗഹൃദം അതൊക്കെ സഹകരിച്ച് മുന്നോട്ടുപോകാന്‍ അള്ളാഹു ഇനിയും നമുക്ക് തൗഫീഖ് തരട്ടെ. അതാണ് പഴയകാലത്തെ ഭാരതം. അതാണ് പഴയ കാലത്തെ ഇന്ത്യ. അത് നമ്മള്‍ മനസിലാക്കണം.

കുറ്റിച്ചറി ജുമഅത്ത് പള്ളിയില്‍ സാമൂതിരിക്ക് വേണ്ടി അദ്ദേഹത്തിന് ദീര്‍ഘായുസ്സുണ്ടാവാന്‍ വേണ്ടി ദുഅ ചെയ്തിരുന്ന കാലമുണ്ടായിരുന്നു ആര് ഖാസിയാര്, ആര്ക്ക് സാമൂതിരിക്ക്. ഇന്നാണെങ്കില്‍ നിങ്ങള്‍ അയാളെ പിടിച്ച് പുറത്താക്കൂലെ ഇസ്‌ലാം മതത്തില്‍ നിന്ന്. സാമൂതിരി രാജാവിന് ദീര്‍ഘായുസ്സുണ്ടാകാനും ആപത്ത് വരാതിരിക്കാനും ശത്രുക്കളെ പരാജയപ്പെടുത്താനുള്ള കെല്‍പ്പ് ഉണ്ടാവാനും വേണ്ടി ദുഅ ചെയ്യുകയാണ് കുറ്റിച്ചിറ പള്ളിയിലെ മിമ്പറന്റെ മുകളീന്ന് വെള്ളിയാഴ്ച ജുമഅയ്ക്ക്. നിങ്ങളൊക്കെ ഉണ്ടാവുന്നേന് മുന്നെ അവരൊക്കെ മരിച്ചത് നന്നായി. അല്ലേല്‍ ഇപ്പോള്‍ കാഫിറെറക്കും. കാര്യങ്ങള്‍ മനസിലാക്കാതെ പോകരുത്.”

റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണത്തിന്റെ വീഡിയോ കാണാം

 

‘അമുസ്‌ലിംങ്ങളോട് ചിരിക്കുന്നത് പോലും സൂക്ഷിച്ച് മതി’ ; കടുത്ത വര്‍ഗീയ നിലപാടുകളുമായി സലഫി പണ്ഡിതന്‍