അടിച്ചത് പാകിസ്ഥാനെയാണെങ്കിലും മറികടന്നത് സച്ചിനെയാണ്, ഈ 21കാരന്‍ ചില്ലറക്കാരനല്ല
ഏഷ്യാ കപ്പിന് മുന്നോടിയായുള്ള ബൈലാറ്ററല്‍ സീരീസില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടി അഫ്ഗാനിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മാനുള്ള ഗുര്‍ബാസ്. മഹീന്ദ രാജപക്‌സെ സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഗുര്‍ബാസ് സെഞ്ച്വറി നേട്ടത്തില്‍ തിളങ്ങിയത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ 59 റണ്‍സിന് ഓള്‍ ഔട്ടാകേണ്ടി വന്നതിന്റെ എല്ലാ കുറവും പരിഹരിച്ചാണ് അഫ്ഗാനിസ്ഥാന്‍ കളത്തിലിറങ്ങിയത്. ഒന്നാം വിക്കറ്റില്‍ 227 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ പടുത്തുയര്‍ത്തിയത്. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഗുര്‍ബാസും.
122ാം പന്തില്‍ ട്രിപ്പിള്‍ ഡിജിറ്റിലെത്തിയ താരം 151 പന്തില്‍ നിന്നും 151 റണ്‍സാണ് നേടിയത്. 14 ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 100 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്. താരത്തിന്റെ അഞ്ചാം അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയാണിത്.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഗുര്‍ബാസിനെ തേടിയെത്തിയിരിക്കുകയാണ്. 21ാം വയസിനിടെ ഏറ്റവുമധികം അന്താരാഷ്ട്ര ഏകദിന സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്തിയാണ് ഗുര്‍ബാസ് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടുന്നത്. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡാണ് ഗുര്‍ബാസ് മറികടന്നത്.
21ാം വയസിനിടെ ഏറ്റവുമധികം ഒ.ഡി.ഐ സെഞ്ച്വറികള്‍ നേടിയ താരങ്ങള്‍
(താരം – രാജ്യം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
1. ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 6
2. ഉപുല്‍ തരംഗ – ശ്രീലങ്ക – 6
3. റഹ്‌മാനുള്ള ഗുര്‍ബാസ് – അഫ്ഗാനിസ്ഥാന്‍ – 5*
4. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 4
5. ഇബ്രാഹിം സദ്രാന്‍ – അഫ്ഗാനിസ്ഥാന്‍ – 4
6. പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 4
7. ഷഹരിയര്‍ നഫീസ് – ബംഗ്ലാദേശ് – 4
മത്സരത്തില്‍ ഗുര്‍ബാസിന് ഏറ്റവുമധികം പിന്തുണ നല്‍കിയത് സഹ ഓപ്പണറായ ഇബ്രാഹിം സദ്രാനായിരുന്നു. 101 പന്തില്‍ നിന്നും 81 റണ്‍സ് നേടി ഒരു സെഞ്ച്വറിയുടെ പ്രതീതി സൃഷ്ടിച്ച ശേഷമായിരുന്നു സദ്രാന്റെ മടക്കം.
ഇരുവരുടെയും ഇന്നിങ്‌സിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ പടുത്തുയര്‍ത്തിയത്.
പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രിദി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നസീം ഷായും ഒസാമ മിറും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ 85 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 210 പന്തില്‍ നിന്നും റണ്‍സാണ് പാകിസ്ഥാന് ജയിക്കാന്‍ ആവശ്യമുള്ളത്.
Content Highlight: Rahmanullah Gurbaz surpasses Sachin Tendulkar