| Friday, 8th March 2024, 10:02 pm

ഐതിഹാസികം ഗുര്‍ബാസ്.... ഐ.പി.എല്ലിന് മുമ്പ് അയര്‍ലന്‍ഡിനെതിരെ കോര്‍ബോ ലോര്‍ബോ പാടി കെ.കെ.ആര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.ല്ലിന് മുമ്പ് തകര്‍പ്പന്‍ പ്രകടനവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അഫ്ഗാനിസ്ഥാന്‍ ഇന്റര്‍നാഷണലും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റഹ്‌മാനുള്ള ഗുര്‍ബാസ്. കഴിഞ്ഞ ദിവസം നടന്ന അഫ്ഗാനിസ്ഥാന്‍ – അയര്‍ലന്‍ഡ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് ഗുര്‍ബാസ് തരംഗമായത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് നേടി. ഗുര്‍ബാസിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് അഫ്ഗാന്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

117 പന്ത് നേരിട്ട് 121 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. എട്ട് ബൗണ്ടറിയും ആറ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഗുര്‍ബാസിന് പുറമെ ഇബ്രാഹിം സദ്രാന്‍, ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദി, മുഹമ്മദ് നബി എന്നിവര്‍ തകര്‍ത്തടിച്ചു. സദ്രാന്‍ 93 പന്തില്‍ 60 റണ്‍സ് നേടിയപ്പോള്‍ 33 പന്തില്‍ പുറത്താകാതെ 50 റണ്‍സാണ് ഷാഹിദി നേടിയത്. 27 പന്തില്‍ 40 റണ്‍സാണ് നബിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

അയര്‍ലന്‍ഡിനായി തിയോ വാന്‍ വോര്‍കോം മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഗ്രഹാം ഹ്യൂമും ക്രെയ്ഗ് യങ്ങും ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡിന് തുടക്കത്തിലേ പാളി. ആന്‍ഡ്രൂ ബാല്‍ബിര്‍ണി നാല് റണ്‍സിനും ക്യാപ്റ്റന്‍ പോള്‍ സ്‌റ്റെര്‍ലിങ് അഞ്ചിനും കര്‍ട്ടിസ് കാംഫര്‍ ഒമ്പത് റണ്‍സിനും പുറത്തായി.

എന്നാല്‍ നാലാം വിക്കറ്റില്‍ ഹാരി ടെക്ടറും വിക്കറ്റ് കീപ്പര്‍ ലോര്‍കന്‍ ടക്കറും തകര്‍ത്തടിച്ചു. 173 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

76 പന്തില്‍ 85 റണ്‍സ് നേടിയ ടക്കറിന്റെ വിക്കറ്റ് നേടി ഫസലാഖ് ഫാറൂഖിയാണ് കൂട്ടുകെട്ട് പൊളിച്ചത്.

ടക്കര്‍ പുറത്തായതോടെ മറുവശത്ത് നിന്നും ടെക്ടറിനുള്ള പിന്തുണ നഷ്ടമായി. പിന്നാലെയെത്തിയവര്‍ വീഴുമ്പോഴും സ്‌കോര്‍ ഉയര്‍ത്താന്‍ താരം ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ 147 പന്തില്‍ 138 റണ്‍സുമായി ടെക്ടര്‍ പുറത്താവുകയും ഐറിഷ് പട 35 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.

മത്സരത്തില്‍ അഫ്ഗാനായി സെഞ്ച്വറി നേടിയ ഗുര്‍ബാസ് തന്നെയാണ് കളിയിലെ താരവും. ഇതിന് പുറമ മറ്റൊരു റെക്കോഡും താരം സ്വന്തമാക്കി.

ഏകദിനത്തില്‍ അഫ്ഗാനിസ്ഥാനായി ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് ഗുര്‍ബാസ്. കരിയറില്‍ താരത്തിന്റെ ആറാം ഏകദിന സെഞ്ച്വറിയാണിത്. ഇതിന് മുമ്പ് മുഹമ്മദ് ഷഹസാദാണ് ഈ നേട്ടം കയ്യടക്കി വെച്ചിരുന്നത്.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും അഫ്ഗാനായി. ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.

Content Highlight: Rahmanullah Gurbaz scored most ODI century for Afghanistan

We use cookies to give you the best possible experience. Learn more