കിവീസിന്റെ കണ്ണീന്ന് പൊന്നീച്ച പാറി, അമ്മാതിരി അടിയല്ലെ ചെക്കന്‍ അടിച്ചത്; റെക്കോഡിട്ടത് ബ്രയാന്‍ ലാറയ്‌ക്കൊപ്പം!
Sports News
കിവീസിന്റെ കണ്ണീന്ന് പൊന്നീച്ച പാറി, അമ്മാതിരി അടിയല്ലെ ചെക്കന്‍ അടിച്ചത്; റെക്കോഡിട്ടത് ബ്രയാന്‍ ലാറയ്‌ക്കൊപ്പം!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th June 2024, 3:50 pm

ഐ.സി.സി ടി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് തുടര്‍ച്ചയായ രണ്ടാം ജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ന്യൂസിലാന്‍ഡിനെ 84 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ തകര്‍ത്തത്. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് 15.2 ഓവറില്‍ 75 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓപ്പണര്‍മാരായ റഹ്‌മാമുള്ള ഗുര്‍ബാസിന്റെയും ഇബ്രാഹിം സദ്രാന്റെയും തകര്‍പ്പന്‍ പ്രകടനമാണ് അഫ്ഗാന്‍ മികച്ച സ്‌കോറിലേക്ക് എത്തിയത്. 56 പന്തില്‍ അഞ്ച് വീതം ഫോറുകളും സിക്‌സുകളും ഉള്‍പ്പെടെ 80 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. 142.86 എന്ന മികച്ച എക്കണോമിയിലാണ് താരം ബാറ്റ് വീശിയത്. 41 പന്തില്‍ 44 റണ്‍സാണ് ഇബ്രാഹിം സദ്രാന്‍ നേടിയത്. ഇരുവരുടെയും തകര്‍പ്പന്‍ പാര്‍ട്ണര്‍ഷിപ്പ് കിവീസിന് കനത്ത സമ്മര്‍ദമാകുകയായിരുന്നു.

മികച്ച സ്‌ട്രൈക്കില്‍ 80 റണ്‍സ് നേടിയ ഗുര്‍ബാസ് ലോകകപ്പ് ചരിത്രംത്തില്‍ മറ്റൊരു നേട്ടവും ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഐ.സി.സിയുടെ ലോകകപ്പ് ടൂര്‍ണമെന്റില്‍ 22ാം വയസില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരം എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഈ ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ളത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.

ഐ.സി.സിയുടെ ലോകകപ്പ് ടൂര്‍ണമെന്റില്‍ 22ാം വയസില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരം, എണ്ണം

സച്ചിന്‍ ടെണ്ടല്‍ക്കര്‍ – 8

റഹ്‌മാനുള്ള ഗുര്‍ബാസ് – 4*

ബ്രയാന്‍ ലാറ – 4

അഫ്ഗാന്‍ ബൗളിങ്ങില്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, ഫസല്ലാഖ് ഫാറൂഖി എന്നിവര്‍ നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ കിവീസ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് അഫ്ഗാന്‍ നായകന്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തിയത്. മറുഭാഗത്ത് 3.2 ഓവറില്‍ 17 റണ്‍സ് വിട്ടുനല്‍കികൊണ്ടാണ് ഫാറൂഖി നാല് വിക്കറ്റ് വീഴ്ത്തിയത്.

ജയത്തോടെ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് നാലു പോയിന്റോടെ ഒന്നാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. അതേസമയം തോല്‍വിയോടെ പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്താണ് കിവീസ്.

ജൂണ്‍ 13ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ അടുത്ത മത്സരം. അതേസമയം ജൂണ്‍ 14 നടക്കുന്ന മത്സരത്തില്‍ പാപ്പുവാ ന്യൂ ഗ്വിനിയയാണ് അഫ്ഗാന്റെ എതിരാളികള്‍.

 

Content Highlight: Rahmanullah Gurbaz In Revord Achievement