| Saturday, 7th October 2023, 1:49 pm

മൂന്ന് റണ്‍സിന് അര്‍ധ സെഞ്ച്വറി നഷ്ടം, പക്ഷേ നേടിയത് തട്ടുപൊളിപ്പന്‍ റെക്കോഡ്; ഇതാ അഫ്ഗാന്റെ ഭാവി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പിന്റെ 13ാം എഡിഷനില്‍ തങ്ങളുടെ ആദ്യ ലോകകപ്പിനിറങ്ങിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശിനെയാണ് അഫ്ഗാനിസ്ഥാന്‍ നേരിടുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മോശമല്ലാത്ത തുടക്കമാണ് അഫ്ഗാനിസ്ഥാന് ലഭിച്ചത്. യുവതാരം റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 47 റണ്‍സ് ഇവര്‍ ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. സദ്രാനെ തന്‍സിദ് അഹമ്മദിന്റെ കൈകളിലെത്തിച്ച് ഷാകിബ് അല്‍ ഹസനാണ് കൂട്ടുകെട്ട് പോളിച്ചത്.

പിന്നാലെയെത്തിയ റഹ്മത് ഷായും ഹസ്മത്തുള്ള ഷാഹിദിയും 18 റണ്‍സ് വീതം നേടി മടങ്ങി. ഒരു വശത്ത് മുന്‍നിര ബാറ്റര്‍മാര്‍ താളം കണ്ടെത്താന്‍ സാധിക്കാതെ പതറിയപ്പോള്‍ മറുവശത്ത് ഗുര്‍ബാസ് പിടിച്ചുനിന്നു.

എന്നാല്‍ ടീം സ്‌കോര്‍ 112ല്‍ നില്‍ക്കവെ നാലാം വിക്കറ്റായി ഗുര്‍ബാസ് പുറത്തായി. നേരിട്ട 62 പന്താം പന്തില്‍ അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെ താരം കാലിടറി വീഴുകയായിരുന്നു. 75.81 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ ഗുര്‍ബാസ് നാല് ബൗണ്ടറിയും ഒരു സിക്‌സറും നേടിയിരുന്നു.

അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചില്ലെങ്കിലും മറ്റൊരു റെക്കോഡ് നേടാന്‍ ഈ ഇന്നിങ്‌സ് ഗുര്‍ബാസിനെ സഹായിച്ചിരുന്നു. ഈ ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ഏകദിനത്തില്‍ 1,000 റണ്‍സ് തികയ്ക്കാനും അഫ്ഗാന്റെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് സാധിച്ചു.

തന്റെ 27ാം മത്സരത്തിലാണ് ഗുര്‍ബാസ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഈ നേട്ടം ഏറ്റവും വേഗത്തില്‍ കൈവരിക്കുന്ന അഫ്ഗാന്‍ ബാറ്റര്‍ എന്ന റെക്കോഡും ഗുര്‍ബാസിന്റെ പേരിലായി.

ഗുര്‍ബാസ് പുറത്തായതിന് പിന്നാലെ എല്ലാം ചടങ്ങ് മാത്രമായി. 20 പന്തില്‍ 22 റണ്‍സ് നേടിയ അസ്മത്തുള്ള ഒമറാസി മാത്രമാണ് ചെറുത്ത് നില്‍ക്കാനെങ്കിലും ശ്രമിച്ചത്. റാഷിദ് ഖാന്‍ അടക്കം ശേഷിച്ച താരങ്ങളെല്ലാം ഒറ്റയക്കത്തിനാണ് പുറത്തായത്.

ഒടുവില്‍ 38ാം ഓവറിലെ രണ്ടാം പന്തില്‍ 156 റണ്‍സിന് അഫ്ഗാന്റെ പത്താം വിക്കറ്റും നിലംപൊത്തി.

ബംഗ്ലാദേശിനായി മെഹ്ദി ഹസനും ഷാകിബ് അല്‍ ഹസനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഷോരിഫുള്‍ ഇസ്‌ലാം രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുസ്തഫിസുര്‍ റഹ്മാനും താസ്‌കിന്‍ അഹമ്മദും ഓരോ വിക്കറ്റും വീഴ്ത്തി അഫ്ഗാന്‍ വധം പൂര്‍ത്തിയാക്കി.

50 ഓവറില്‍ 157 റണ്‍സാണ് ലോകകപ്പിലെ ആദ്യ വിജയത്തിനായി ബംഗ്ലാദേശിന് സ്വന്തമാക്കേണ്ടത്.

Content highlight: Rahmanullah Gurbaz completes 1000 ODI Runs

We use cookies to give you the best possible experience. Learn more