നാഗനൃത്തക്കാരുടെ കണ്ണീര് വീണ മത്സരത്തില്‍ ഇജ്ജാദി റെക്കോഡും പിറന്നോ? 🔥 🔥 അവര്‍ സ്വയം തെളിയിക്കുന്നു
Sports News
നാഗനൃത്തക്കാരുടെ കണ്ണീര് വീണ മത്സരത്തില്‍ ഇജ്ജാദി റെക്കോഡും പിറന്നോ? 🔥 🔥 അവര്‍ സ്വയം തെളിയിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 9th July 2023, 4:44 pm

കഴിഞ്ഞ ദിവസമായിരുന്നു ബംഗ്ലാദേശിനെ ഇല്ലാതാക്കി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ കയ്യടിയേറ്റുവാങ്ങിയത്. ചാറ്റോഗ്രാമില്‍ നടന്ന മത്സരത്തില്‍ 142 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹീം സദ്രാനും സെഞ്ച്വറി തികച്ചു. ഗുര്‍ബാസ് 125 പന്തില്‍ നിന്നും 13 ബൗണ്ടറിയും എട്ട് സിക്‌സറുമടക്കം 145 റണ്‍സ് നേടിയ.പ്പോള്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറുമായി 119 പന്തില്‍ നിന്നും 100 റണ്‍സായിരുന്നു സദ്രാന്റെ സമ്പാദ്യം.

256 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ഗുര്‍ബാസിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ഷാകിബ് അല്‍ ഹസനാണ് കൂട്ടുകെട്ട് പൊളിച്ചത്.

 

എന്നാല്‍ പുറത്താകും മുമ്പ് ഒരു ഗംഭീര നേട്ടം തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്താണ് ഗുര്‍ബാസ് മടങ്ങിയത്. ഏകദിനത്തില്‍ അഫ്ഗാനിസ്ഥാനായി ഏറ്റവും വലിയ കൂട്ടുകെട്ട് എന്ന റെക്കോഡാണ് ഗുര്‍ബാസും സദ്രാനും ചേര്‍ന്ന് സ്വന്തമാക്കിയത്. 2010ല്‍ സ്‌കോട്‌ലാന്‍ഡിനെതിരെ മുഹമ്മദ് ഷഹസാദും കരീം സാദിഖും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 218* റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

 

ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പുകള്‍

(താരങ്ങള്‍ – റണ്‍സ് – വിക്കറ്റ് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹീം സദ്രാന്‍ – 256 – ഒന്നാം വിക്കറ്റ് – ബംഗ്ലാദേശ് – 2023

മുഹമ്മദ് ഷഹസാദ്, കരീം സാദിഖ് – 2018* – രണ്ടാം വിക്കറ്റ് – സ്‌കോട്‌ലാന്‍ഡ് – 2010

മൂര്‍ അലി സദ്രാന്‍, മുഹമ്മദ് ഷഹസാദ് – 205 – രണ്ടാം വിക്കറ്റ് – കാനഡ – 2010

റഹ്‌മത് ഷാ, ഇബ്രാഹീം സദ്രാന്‍ – 195 – രണ്ടാം വിക്കറ്റ് – സിംബാബ്‌വേ – 2022

റഹ്‌മത് ഷാ, ഹസ്മത്തുള്ള ഷാഹിദി – 184 – മൂന്നാം വിക്കറ്റ് – അയര്‍ലാന്‍ഡ് – 2021

റഹ്‌മത് ഷാ, ഹസ്മത്തുള്ള ഷാഹിദി – 181 – മൂന്നാം വിക്കറ്റ് – സിംബാബ്‌വേ – 2022

ഏകദിനത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ടുകളുടെ പട്ടികയില്‍ 21ാം സ്ഥാനത്തും ഏറ്റവും വലിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുകളുടെ പട്ടികയില്‍ 14ാം സ്ഥാനത്തുമാണ് ഗുര്‍ബാസിന്റെയും സദ്രാന്റെയും ഇന്നിങ്‌സ് സ്ഥാനം പിടിച്ചത്.

ഇവരുടെ കൂട്ടുകെട്ടിന്റെ ബലത്തില്‍ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 331 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 189 റണ്‍സിന് ഓള്‍ ഔട്ടായതോടെ അഫ്ഗാന്‍ 142 റണ്‍സിന്റെ വിജയം ആഘോഷിച്ചു. ഈ വിജയത്തോടെ പരമ്പര സ്വന്തമാക്കാനും അഫ്ഗാന് സാധിച്ചു.

 

 

Content Highlight: Rahmanullah Gurbaz and Ibrahim ZAdran registers biggest partnership for Afghanistan in ODI