ടി-20 ലോകകപ്പിന്റെ ചരിത്രം തിരുത്തിക്കുറിച്ച കൂട്ടുകെട്ട്; ചരിത്രനേട്ടത്തിൽ അഫ്ഗാൻ താരങ്ങൾ
Cricket
ടി-20 ലോകകപ്പിന്റെ ചരിത്രം തിരുത്തിക്കുറിച്ച കൂട്ടുകെട്ട്; ചരിത്രനേട്ടത്തിൽ അഫ്ഗാൻ താരങ്ങൾ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th June 2024, 7:58 am

ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അര്‍ണോസ് വാലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിയത്. അഫ്ഗാന് വേണ്ടി ഓപ്പണിങ്ങില്‍ മികച്ച തുടക്കമാണ് റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് നല്‍കിയത്.

ഇരുവരും ചേര്‍ന്ന് ഓപ്പണിങ്ങില്‍ 59 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഗുര്‍ബാസ് 55 പന്തില്‍ 43 റണ്‍സാണ് നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. സദ്രാന്‍ 29 പന്തില്‍ 18 റണ്‍സും നേടി.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്. ടി-20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ 50+ പാര്‍ട്ണര്‍ഷിപ്പ് നേടുന്ന താരങ്ങള്‍ എന്ന നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്. നാല് തവണയാണ് ഇരുവരും 50+ റണ്‍സിന്റെ കൂട്ടുകെട്ട് നേടിയത്.

2021 ലോകകപ്പില്‍ പാകിസ്ഥാന് വേണ്ടി ബാബര്‍ അസമും മുഹമ്മദ് റിസ്വാനും 2022 ലോകകപ്പില്‍ ഇംഗ്ലണ്ടി നായി ജോസ് ബട്‌ലര്‍ അലക്‌സ് ഹെയ്ല്‍സും 2007ല്‍ ഓസ്‌ട്രേലിയക്കായി ആദം ഗില്‍ക്രിസ്റ്റും മാത്യു ഹെയ്ഡനും 2021ല്‍ ഇന്ത്യന്‍ ടീമിനുവേണ്ടി രോഹിത് ശര്‍മയും കെ.എല്‍ രാഹുലും മൂന്ന് തവണ 50+ റണ്‍സ് നേടിയിരുന്നു. ഇവരെയെല്ലാം മറികടന്നു കൊണ്ടാണ് അഫ്ഗാന്‍ താരങ്ങള്‍ പുതിയ ചരിത്രം ലോകകപ്പില്‍ കുറിച്ചത്.

മറ്റൊരു നേട്ടവും ഇരുവരും നേരത്തെ സ്വന്തമാക്കിയിരുന്നു. ടി-20 ലോകകപ്പില്‍ മൂന്ന് തവണ 100+ റണ്‍സിന്റെ കൂട്ടുകെട്ട് നേടുന്ന ചരിത്രത്തിലെ ആദ്യ താരങ്ങള്‍ എന്ന നേട്ടമായിരുന്നു ഗുര്‍ബാസും സദ്രാനും സ്വന്തമാക്കിയത്.

ഉഗാണ്ടയ്‌ക്കെതിരെയുള്ള മത്സരത്തില്‍ 154 റണ്‍സും ന്യൂസിലാന്‍ഡിനെതിരെ 103 റണ്‍സുമാണ് ഓസ്‌ട്രേലിയക്കെതിരെ 118 റൺസുമാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ബംഗ്ലാദേശ് ബൗളിങ് ടാന്‍സിം ഹസന്‍ സാക്കീബ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. റിഷാദ് ഹുസൈന്‍ മൂന്നു വിക്കറ്റും നേടി നിര്‍ണായകമായി.

 

Also Read: ടിക്കറ്റെടുത്ത് കണ്ടവരെല്ലാം ഹാപ്പിയാണല്ലോ, ഫ്രീയായിട്ട് കണ്ടവര്ക്കാണ് കുഴപ്പം: വര്ഷങ്ങള്ക്കു ശേഷം ട്രോളുകള്ക്കെതിരെ എഡിറ്റര് രഞ്ജന് എബ്രഹാം

Also Read: തല’യെന്ന കടമ്പ താണ്ടി ഇന്ത്യ; ക്യാപ്റ്റന്റെ ചിറകില് സെമിയിലേക്ക്

Content Highlight: Rahmanullah Gurbaz and Ibrahim Zadran Great Record in T20 World Cup